Malabar Movement 1921
പന്തല്ലൂരില്‍ പടനയിച്ച് താമി
മഞ്ചേരി | തിരൂരങ്ങാടി, പൂക്കോട്ടൂർ പ്രദേശങ്ങളിലെന്നപോല ആനക്കയം പന്തല്ലൂരിലും പോരാട്ടം അരങ്ങേറി. പോരാട്ടത്തിന്റെ ചുക്കാൻ പിടിച്ചവരിൽ പ്രധാനി ഒരാൾ തിയ്യ സമുദായത്തിൽപ്പെട്ട താമി എന്ന മുൻ പട്ടാളക്കാരനായിരുന്നു. 1921 ആഗസ്റ്റ് 19ന് തിരൂരങ്ങാടിയിൽ കൂടിയ ഖിലാഫത്ത് വിപ്ലവ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. പിറ്റേദിവസം പുലർച്ചെ താമിയുടെ കൈയിലാണ് തിരൂരങ്ങാടി യോഗത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ കത്ത് വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദാജി കോഴിക്കോട് ഖിലാഫത്ത് കമ്മിറ്റി ഓഫീസിലേക്ക് കൊടുത്തയച്ചത്.
ബ്രിട്ടീഷ് രഹസ്യ പോലീസും ചാരന്മാരും തന്നെ നിരീക്ഷിക്കുന്നുവെന്ന് ബോധ്യപ്പെട്ടത് മുതൽ ഓഫീസിൽ പോകാതെ താമി ഒളിവിലായിരുന്നു. ഇതോടെ താമിയുടെ വീട് പട്ടാളം തീവെക്കുകയും താമിയുടെ ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ച് കൊല്ലുകയും ചെയ്തു. താമി തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. 1963-ൽ സേലത്ത് വച്ചാണ് താമി മരിക്കുന്നത്.
ചേക്കുട്ടി വധം കഴിഞ്ഞ് തല കുന്തത്തിൽ കുത്തി ഘോഷയാത്രയായി പോയ സംഘത്തിൽ താമിയുമുണ്ടായിരുന്നു. താമിയെ കൂടാതെ ഒസ്സാൻ ഐദ്രു, കോയാമു ഹാജി, പാപ്പാടൻ മരക്കാർ, പാപ്പാടൻ കുഞ്ഞോക്കർ, പാറാതൊടി ഹസ്സൻ, പാറതൊടി മൂസ, കരണതൊടി ചേക്കു, പാറത്തൊടി ആലി, അടോട്ട് അലവിക്കുട്ടി, കൂരിമണ്ണിൽ അഹമ്മദ് കുട്ടി ഹാജി, മണ്ണാർ പൊയിൽ മൊയ്തു തുടങ്ങി ഒട്ടേറെപേർ ഈ പോരാട്ടത്തിൽ പങ്കെടുത്തിരുന്നു.
1921 ആഗസ്റ്റ് 29ന് പന്തല്ലൂരിലെ നാട്ടുകാരുടെ സൈനിക പരിശീലന ക്യാമ്പ് വാരിയൻകുന്നന്‍ സന്ദർശിച്ചതായി രേഖകളിലണ്ട്.