National
പഞ്ഞിമിഠായി വില്‍പന നിരോധിച്ച് തമിഴ്‌നാട്
പഞ്ഞിമിഠായിയില്‍ റോഡമിന്‍ ബി എന്ന രാസവസ്തു വ്യാപകമായി ഉണ്ട് എന്ന ലാബ് റിസള്‍ട്ട് വന്നതിന് ശേഷമാണ് ഇപ്പോള്‍ സംസ്ഥാനത്താകെ വില്‍പന നിരോധിച്ചിരിക്കുന്നത്.
ചെന്നൈ| സംസ്ഥാനത്ത് പഞ്ഞിമിഠായി വില്‍പന നിരോധിച്ച് തമിഴ്‌നാട്. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ഞിമിഠായി വില്‍പനയെ ചൊല്ലി കുറച്ച് ദിവസങ്ങളായി വലിയ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന റോഡമിന്‍ ബി എന്ന രാസവസ്തു കണ്ടെത്തിയതിന് പിന്നാലെ പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍പന ഗവര്‍ണര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ചര്‍ച്ചകള്‍ നടന്നിരുന്നു. പഞ്ഞിമിഠായിയില്‍ ഈ രാസവസ്തു വ്യാപകമായി ഉണ്ട് എന്ന ലാബ് റിസള്‍ട്ട് വന്നതിന് ശേഷമാണ് ഇപ്പോള്‍ സംസ്ഥാനത്താകെ വില്‍പന നിരോധിച്ചിരിക്കുന്നത്.
തുണികള്‍, പേപ്പര്‍, ലെതര്‍ ഉത്പന്നങ്ങളിലൊക്കെ നിറം നല്‍കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിറം നല്‍കുന്നതിനായി റോഡമിന്‍ ബി ചേര്‍ക്കുമ്പോള്‍ ആരോഗ്യത്തെ മോശമായാണ് ബാധിക്കുക. ഒരു പ്രാവശ്യമൊന്നും ശരീരത്തിലെത്തിയാല്‍ റോഡമിന്‍ ബി ദോഷമൊന്നുമാകില്ല. എന്നാല്‍ ഇവ പതിവാിയി ശരീരത്തിലെത്തിയാല്‍ കരള്‍ രോഗത്തിനും കാന്‍സറിനും കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ഞിമിഠായി നിരോധനം വന്നതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് നിലച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.