National
ഗാന്ധിജിയെ ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍; സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജിയല്ല, സുബാഷ് ചന്ദ്ര ബോസെന്ന് വാദം
മുഹമ്മദലി ജിന്നയാണ് രാജ്യത്ത് വിഭാഗീയതക്ക് തുടക്കമിട്ടതെന്നും ആര്‍ എന്‍ രവി
ചെന്നൈ | ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിയുടെ ശ്രമങ്ങള്‍ കൊണ്ടല്ലെന്ന വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. സുബാഷ് ചന്ദ്ര ബോസിന്റെ സൈനിക നീക്കമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാനുള്ള കാരണമെന്നും ഗാന്ധിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും ആര്‍ എന്‍ രവി പറഞ്ഞു. മുഹമ്മദലി ജിന്നയാണ് രാജ്യത്ത് വിഭാഗീയതക്ക് തുടക്കമിട്ടതെന്നും ആര്‍ എന്‍ രവി പറയുന്നു.
ഗാന്ധിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ സമരങ്ങള്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. നിസ്സഹകരണം തമ്മിലടി മാത്രമാണ് ഉണ്ടാക്കിയത്. നേതാജി സുബാഷ് ചന്ദ്ര ബോസിന്റെ സൈനിക നീക്കങ്ങളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. മറ്റുള്ള സ്വാതന്ത്ര്യ സേനാനികളെ പോലെ നേതാജിയെയും ഓര്‍ക്കണമെന്നും ആര്‍ എന്‍ രവി പറഞ്ഞു.
സുബാഷ് ചന്ദ്ര ബോസിന്റെ ജന്മ ദിനവുമായി ബന്ധപ്പെട്ട് അണ്ണാ സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് ഗവര്‍ണറുടെ വിവാദ പരാമര്‍ശം. അതേ സമയം ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എത്താന്‍ സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചതായും പങ്കെടുക്കാത്തവരുടെ ഹാജര്‍ നിഷേധിച്ചതായും ആരോപണം ഉയര്‍ന്നു.