Connect with us

National

തമിഴ്‌നാട് ഗവര്‍ണര്‍ കോടതിയെ വെല്ലുവിളിക്കുന്നു ; പൊന്മുടിയെ മന്ത്രിയായി തിരിച്ചെടുക്കാനാവില്ലെന്ന് ഗവര്‍ണര്‍ക്കെങ്ങനെ പറയാനാകുമെന്നും സുപ്രീംകോടതി

കെ പൊന്മുടിയെ മന്ത്രിയാക്കാന്‍ ഗവര്‍ണര്‍ക്ക് നാളെ വരെ കോടതി സമയം നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | കെ പൊന്മുടിയെ മന്ത്രിയായി തിരിച്ചെടുക്കാന്‍ വിസമ്മതിച്ച തമിഴനാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പൊന്മുടി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തതാണെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി സ്‌റ്റേ ചെയ്ത നടപടിയില്‍ മറ്റൊന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ എന്താണ് ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദചൂഢ് ചോദിച്ചു. ഗവര്‍ണറുടെ നടപടി ഗൗരവമായി കാണുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി നല്‍കിയ ശിപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദചൂഢ്, ജസ്റ്റിസ് ജെ ബി പാര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത്.
കെ പൊന്മുടിയെ മന്ത്രിയാക്കാന്‍ ഗവര്‍ണര്‍ക്ക് നാളെ വരെ കോടതി സമയം നല്‍കി. നാളെ വരെ ഗവര്‍ണര്‍ക്ക് സമയം നല്‍കുമെന്നും നാളെ കഴിഞ്ഞ് എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കോടതി പറഞ്ഞു.

മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തയാളെ മന്ത്രിയാക്കാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്നത് രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ അത്ഭുത സംഭവമാണെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിംഗവി പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊന്മുടിക്കെതിരെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. ഇതോടെ പൊന്മുടിയെ
വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളുകയായിരുന്നു. പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്

 

Latest