Kerala
മുന്നറിയിപ്പില്ലാതെ ഡാം തുറന്ന തമിഴ്‌നാട് നടപടിയില്‍ പ്രതിഷേധം: റോഷി അഗസ്റ്റിന്‍
മുഖ്യമന്ത്രി നേരിട്ട് തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കും; വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും
ഇടുക്കി | മുന്നറിയിപ്പ് നല്‍കാതെയാണ് തമിഴ്‌നാട് മുല്ലപ്പരെിയാര്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നുവിട്ടതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. ദുരന്തനിവാരണ നിയമപ്രകാരമുള്ള മുന്നറിയിപ്പുണ്ടായില്ല. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ ഉയര്‍ത്തുന്നത് ജനഹിതത്തിന് യോജിച്ചതല്ല. തമിഴ്‌നാട് നടപടി പ്രതീക്ഷിക്കാത്തതാണ്. പ്രതിഷേധാര്‍ഹവുമാണ്. അതീവഗുരുതരമായാണ് തമിഴ്‌നാടിന്റെ സമീപനത്തെ കാണുന്നത്. മുഖ്യമന്ത്രിയുമായി താന്‍ ഇത് ചര്‍ച്ച ചെയ്തു. വിഷയം മുഖ്യമന്ത്രി തന്നെ തമിഴ്‌നാട് സര്‍ക്കാറിനെ ഔദ്യോഗികമായി അറിയിക്കും. തമിഴ്‌നാടിന്റെ നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
തമിഴ്‌നാട് റൂള്‍ കര്‍വ് പാലിക്കുന്നില്ലെന്നത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഡാം തുറന്നതിനുള്ള തെളിവുകള്‍ കോടതിയില്‍ നല്‍കും. മേല്‍നോട്ട സമിതി വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇപ്പോള്‍ നീരൊഴുക്ക് കുറവുണ്ടെങ്കിലും ഡാമിലെ ജലനിരപ്പ് 142 അടിയില്‍ തുടരുകയാണ്. ഇപ്പോള്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയതായി അറിയിച്ചിട്ടുണ്ട്. പുറത്തേക്ക് ഒഴുക്കുന്നത് 1,261 ഘനയടി വെള്ളമാണ്. ഡാമിലെ ഇപ്പോഴത്തെ അവസ്ഥ കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരും.