Connect with us

From the print

തമിഴ്‌നാടിനെ തള്ളി; മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന

പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചു. പന്ത്രണ്ട് മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിച്ചു. ഇപ്പോള്‍ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളിയാണ് കേന്ദ്ര ജല കമ്മീഷന്റെ തീരുമാനം. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്.

സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011ലാണ് ഇതിന് മുമ്പ് പരിശോധന നടത്തിയത്. അന്നത്തെ റിപോര്‍ട്ട് കേരളം പൂര്‍ണമായും തള്ളിയിരുന്നു. സമിതിയുടെ പരിഗണനാവിഷയങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. അണക്കെട്ടില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ കേരളത്തിന് കൈമാറാന്‍ സമിതി അധ്യക്ഷന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കി.

സുരക്ഷാ പരിശോധനയുടെ വിദഗ്ധ സമിതിയില്‍ ആരൊക്കെയെന്ന് ഒരു മാസത്തനുള്ളില്‍ അറിയാനാകും. നിഷ്പക്ഷരായ വിദഗ്ധരടങ്ങുന്ന സംഘമായിരിക്കണം പരിശോധന നടത്തേണ്ടതെന്നാണ് കേരളത്തിന്റെ ആവശ്യം. വിദഗ്ധരുടെ പട്ടിക തയ്യാറാക്കേണ്ടത് തമിഴ്‌നാടാണ്. ഈ പട്ടിക പരിശോധിച്ച ശേഷം കേരളത്തിന് തങ്ങളുടെ നിലപാട് മേല്‍നോട്ട സമിതിക്ക് മുമ്പാകെ അവതരിപ്പിക്കാം. തുടര്‍ന്ന് വിദഗ്ധ സമിതി രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുറത്തിറക്കും.

2011 ലെ സുരക്ഷാ പരിശോധനക്ക് ശേഷം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന മേഖലയിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. 2018ലെ മഹാപ്രളയത്തിന് മേഖല സാക്ഷ്യംവഹിച്ചു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷക്ക് പുറമെ ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപറേഷനല്‍ സുരക്ഷ എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്.

 

 

---- facebook comment plugin here -----

Latest