Connect with us

Articles

പരസ്യമായി പഴി വാങ്ങുന്ന തമിഴഭിമാനം

സൗന്ദർരാജനെ പരസ്യമായി താക്കീതു ചെയ്ത അമിത്ഷായുടെ പ്രകടനം അണ്ണാമലൈ വാഴ്ത്തു സംഘം ശരിക്കും ആഘോഷിച്ചു. പക്ഷേ അതു തിരിഞ്ഞു കൊത്തിത്തുടങ്ങിയിരിക്കുന്നു. സഹസ്രാബ്ദങ്ങളുടെ ചരിത്രവും നൂറ്റാണ്ടുകൾ നീളുന്ന സാംസ്കാരിക യുദ്ധവും ദശാബ്ദങ്ങളുടെ രാഷ്ട്രീയ പോരാട്ടവും വീണ്ടും സജീവ ചർച്ചയാവുകയാണ്. തിരഞ്ഞെടുപ്പാനന്തര തമിഴ് രാഷ്ട്രീയം ഏതായാലും ബി ജെ പിക്ക് കുരുക്കു മുറുക്കുന്നു

Published

|

Last Updated

തമിഴ്നാട്ടിൽ ബി ജെ പിയെ രക്ഷിച്ചെടുക്കാൻ കേന്ദ്ര നേതൃത്വം പറഞ്ഞുവിട്ട മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ കെ അണ്ണാമലൈ ഉദകക്രിയയാണ് ചെയ്യുന്നതെന്ന അഭിപ്രായത്തിൽ സംസ്ഥാനത്തെ മുതിർന്ന ബി ജെ പി നേതാക്കൾ ഏതാണ്ട് ഒറ്റക്കെട്ടാണ്. കീഴുദ്യോഗസ്ഥർക്ക് കല്ലേ പിളർക്കുന്ന ആജ്ഞകളും തിട്ടൂരവും നൽകുന്ന ഐ പി എസ് ശൈലി തമിഴ് നേതാക്കളോടു സ്വീകരിക്കുന്നു. എന്നാൽ മേലാവിലെ ആജ്ഞകൾക്ക് വിധേയഭാവത്തോടെ റാൻ മൂളുന്നു. ഫഹദ് സിനിമയിലെ രംഗണ്ണന്റെ ഇരട്ട മുഖഭാവമാണ് അണ്ണാമലയുടെ കരുത്ത്. തന്നെ വിമർശിച്ച തിമിഴിസൈ സൗന്ദർരാജനെ വേദിയിൽ പരസ്യമായി താക്കീതു ചെയ്ത അമിത്ഷായുടെ പ്രകടനം അണ്ണാമലൈ വാഴ്ത്തു സംഘം ശരിക്കും ആഘോഷിച്ചു. പക്ഷേ അതു തിരിഞ്ഞു കൊത്തിത്തുടങ്ങിയിരിക്കുന്നു. ഉത്തര്യേന്ത്യൻ ഹിന്ദി ലോബി തമിഴന്റെ ആത്മാഭിമാനത്തെ പരസ്യമായി വേദിയിൽ വലിച്ചു കീറി എന്ന മട്ടിൽ ആഖ്യാനങ്ങൾ പെരുകുകയാണ്. സഹസ്രാബ്്ദങ്ങളുടെ ചരിത്രവും നൂറ്റാണ്ടുകൾ നീളുന്ന സാംസ്കാരിക യുദ്ധവും ദശാബ്്ദങ്ങളുടെ രാഷ്ട്രീയ പോരാട്ടവും വീണ്ടും സജീവ ചർച്ചയാവുകയാണ്. തിരഞ്ഞെടുപ്പാനന്തര തമിഴ് രാഷ്ട്രീയം ഏതായാലും ബി ജെ പിക്ക് കുരുക്കു മുറുക്കുന്നു.

തമിഴിസൈ സൗന്ദർരാജൻ ഭിഷഗ്വര, വൈദ്യശാസ്ത്ര അധ്യാപിക എന്നീ നിലകളിൽ കഴിവുതെളിയിച്ചിട്ടുണ്ട്. പടിപടിയായാണ് ബി ജെ പിയിൽ നേതാവായി ഉയർന്നത്. 90കളുടെ രണ്ടാം പകുതി മുതൽ ബി ജെ പിയിൽ സജീവമാണ്. അതുകൊണ്ടു തന്നെ മോദി- ഷാ ദ്വയത്തിന്റെ ഉത്പന്നമല്ല. തമിഴ് സ്വത്വവും സാംസ്കാരിക പൈതൃകവും തള്ളിപ്പറഞ്ഞിട്ടില്ല. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ പിച്ചവെച്ച് തുടങ്ങി ടി എൻ സി സി പ്രസിഡന്റായിരുന്ന കുമരി അനന്തനാണ് പിതാവ്. കാമരാജിന്റെ ലാളനകളേറ്റ തമിഴിസെയുടെ വിവാഹം നടത്തിക്കൊടുത്തത് എം ജി ആറും കരുണാനിധിയും ചേർന്നാണ്. ജീവിതത്തിലെ വലിയ ഭാഗ്യമായി അവരത് അഭിമുഖങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്. പുതിയ വിവാദവുമായി ചേർത്തുവെച്ച് തമിഴിന്റെ രാഷ്ട്രീയ വ്യതിരക്തതയും സാംസ്കാരിക ഔന്നത്യവും പൗരാണിക പൈതൃകവും വീണ്ടും ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്.

തമിഴ്നാട്ടിൽ ബി ജെ പി വേരോടാത്തതിന്റെ കാരണങ്ങൾ പ്രത്യയശാസ്ത്രപരമാണ്. വേദിക് കാലഘട്ടത്തെയും സനാതന ധർമത്തെയും വർണാശ്രമത്തെയും ഉദയനിധി സ്റ്റാലിനെ പോലെയുള്ള പുത്തൻ കൂറ്റുകാരൻ വിമർശിച്ചപ്പോൾ പലരും അന്ധാളിച്ചു പോയി. ചരിത്രമറിയുന്നവർക്ക് അതിൽ അത്ഭുതമില്ല. പെരിയോറും വികെ സമ്പത്തും അണ്ണയും കരുണാനിധിയും എം ജി ആറും ആവർത്തിച്ചു പറഞ്ഞു. തമിഴനെ പഠിപ്പിച്ച ദ്രാവിഡ പാരമ്പര്യത്തിന്റെ കൊടിയടയാളങ്ങളാണവ. അതിന് സഹസ്രാബ്ധങ്ങളുടെ ചരിത്രമുണ്ട്.

ഉത്തര- ദക്ഷിണ സംസ്കാരങ്ങൾ
പത്ത് ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്ററുകൾ വിസ്തൃതമായിരുന്ന സിന്ധു നദീതട സംസ്കാരം ബി സി 3300 മുതൽ ബി സി 1500 വരെ നിലനിന്നുവെന്നാണ് കണക്കുകൾ. ഈ സംസ്കാരം സമ്പൂർണമായി തകർത്തു കൊണ്ടാണ് ആര്യാധിനിവേശം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. ഇൻഡോ- ആര്യൻ ഭാഷയായ സംസ്കൃതത്തിൽ രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങളിലെ സൂചനകൾ ഇതിലേക്ക് വെളിച്ചം വീശുന്നു. ആര്യൻമാരുടെ വേദിക് കാലഘട്ടത്തിൽ (1500- 500 ബി സി ഇ) നിന്നാണ് പിൽക്കാലത്ത് സംഘ്പരിവാർ അവരുടെ ആശയനിർമാണത്തിനുള്ള ഉപാധികൾ കടം കൊണ്ടത്. വർണാശ്രമ ധർമങ്ങളും ജാതീയ ശ്രേണികളും ആര്യാവൃത്തത്തിന്റെ സംഭാവനകളാണ്. എന്നാൽ തെക്കേ ഇന്ത്യ ആര്യ സംസ്കൃതിയുടെ സ്വാധീനത്തിലായിരുന്നില്ല.
കൃഷ്ണ – തുംഗഭദ്ര നദിക്ക് തെക്കോട്ട് ശ്രീലങ്ക വരെ പടർന്ന തെക്കേ ഇന്ത്യയിലെ സംഘകാല സംസ്കാരം ബി സി 500 മുതൽ എ ഡി 250 വരെ നിലനിന്നതായി കണക്കാക്കുന്നു. ചേര- ചോള – പാണ്ഡ്യ – പല്ലവ വംശങ്ങൾ ആയിരുന്നു ഭരണാധികാരികൾ. ചിലപ്പതികാരവും തിരുക്കുറളും മണിമേഖലയും കുണ്ഡല കേശിയും ജീവിക ചിന്താമണിയുമടക്കം ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ തമിഴിൽ പിറന്നു വീണു. സംസ്കൃതത്തിനും ഹിന്ദിക്കും മുകളിലാണ് തമിഴ് എന്ന തെക്കേ ഇന്ത്യൻ വിശ്വാസത്തിന്റെ യുക്തിയതാണ്. തെക്കേ ഇന്ത്യയെയും വടക്കേ ഇന്ത്യയെയും എല്ലാ തലങ്ങളിലും വ്യത്യസ്ത അഭിരുചിയുള്ളവരാക്കി മാറ്റുന്നതിന്റെ അടിസ്ഥാനവുമിതു തന്നെയാണ്.

ദ്രാവിഡ – സംഘ് രാഷ്ട്രീയം
സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന മുഴുവൻ രാഷ്ട്രീയത്തിന്റെയും വിപരീത ദിശയിലാണ് ദ്രാവിഡ രാഷ്ട്രീയം സഞ്ചരിക്കുന്നത്. ബ്രാഹ്മണ മേധാവിത്വത്തിനും വർണാശ്രമത്തിനുമെതിരെ സ്ത്രീ തുല്യതക്ക് വേണ്ടി, പിന്നാക്കക്കാരന് വിദ്യാഭ്യാസ – തൊഴിൽ സംവരണത്തിനു വേണ്ടി പരസ്യമായി ദ്രാവിഡ രാഷ്ട്രീയം നില കൊള്ളുന്നു. സംസ്കൃതത്തിന് പകരം തമിഴിൽ അഭിമാനം കൊള്ളുന്ന ഹിന്ദിവത്കരണം ചെറുത്തു തോൽപ്പിച്ച രാഷ്ട്രീയം കൂടിയാണത്. ബർട്രന്റ് റസലൽ, മാർക്സ്, ലെനിൻ ആശയങ്ങളെയും തങ്ങൾ പ്രതിനിധീകരിക്കുന്നുവെന്ന് അണ്ണദുരൈ പറഞ്ഞിട്ടുണ്ട്. ബ്രഹ്മണിക്കൽ ഹെജിമണിക്കെതിരെ 1891ൽ ദ്രാവിഡ മഹാജനസഭയും പിന്നീട് മദ്രാസ് യുനൈറ്റഡ് ലീഗും രൂപവത്കരിച്ചു. 1917ലെ ജസ്റ്റിസ് പാർട്ടി 1944ൽ പെരിയോറിന്റെ നേതൃത്വത്തിൽ ദ്രാവിഡ കഴകമായി. പെരിയോറിനോട് വിയോജിച്ച് 1949ൽ അണ്ണദുരൈ ഡി എം കെ സ്ഥാപിച്ചു. 1972ൽ എം ജി ആർ കരുണാനിധിയോട് കലഹിച്ച് അണ്ണാ ഡി എം കെ സ്ഥാപിച്ചു പിളർന്ന് മാറി. തമിഴ് ദേശീയതയിലും ബ്രാഹ്മണിക്കൽ – സംസ്കൃത- ഹിന്ദി വിരുദ്ധതയിലും ആരും വിട്ടുവീഴ്ച ചെയ്തില്ല.
1965 ജനുവരി 26ന് ഇംഗ്ലീഷിന്റെ ഔദ്യോഗിക പദവി അവസാനിച്ചു. ഹിന്ദി ഏക ഔദ്യോഗിക ഭാഷയായി മാറി. ഇതോടെ തമിഴ്നാട് അഗ്നിപർവതമായി മാറി. 700 ലധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്കുകൾ. കേന്ദ്രസർക്കാർ മുട്ടുമടക്കി. ഇംഗ്ലീഷ് വീണ്ടും ഔദ്യോഗിക ഭാഷയായി. ഇതോടെ 1967ൽ നടന്ന തിരഞ്ഞെടുപ്പിൽ സി രാജഗോപാലാചാരിയും പി സുന്ദരയ്യയും ഖാഇദേമില്ലത്തും സോഷ്യലിസ്റ്റുകളും അണിനിരന്ന ഡി എം കെ മുന്നണി സാക്ഷാൽ കാമരാജ് നയിച്ച കോൺഗ്രസ്സിനെ പരാജയപ്പെടുത്തി. അണ്ണാദുരെ ഇന്ത്യയിലെ ആദ്യ കോൺഗ്രസ്സിതര മുഖ്യമന്ത്രിയായി. ഇതിന് ശേഷം ദ്രാവിഡ പാർട്ടികളല്ലാതെ തമിഴ്നാട് ഭരിച്ചിട്ടില്ല. ബ്രാഹ്മണ ആധിപത്യത്തിനെതിരെ തമിഴനോട് കറുപ്പുടുക്കാൻ കൽപ്പിച്ചത് പെരിയോരാണ്. പിളർന്നു മാറിയെങ്കിലും കറുപ്പ് കൊടിയടയാളമാക്കി എല്ലാ പാർട്ടികളും പെരിയോരെ ചേർത്തുവെച്ചു. നാടകവും സിനിമയും പാട്ടും സാഹിത്യവും പത്രമാസികകളും ദ്രാവിഡ പാർട്ടികളെ കൂടുതൽ ജനകീയമാക്കി. ദ്രാവിഡ മണ്ണിൽ സംഘ്പരിവാരം വളർച്ച കൈവരിക്കാത്തതിന്റെ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ!

കാമരാജും സി സുബ്രഹ്മണ്യനും ഭക്തവത്സുലവുമൊക്കെ ചേർന്ന കോൺഗ്രസ്സ് നേതൃത്വം തമിഴ് ദേശീയതയോടും സംഘകാലം തൊട്ടുള്ള ജെല്ലിക്കെട്ട് അടക്കമുള്ള ഗൃഹാതുരത്വങ്ങളോടും എന്നും ചേർന്നു നിന്നു. പക്ഷേ പ്രത്യേക ഈഴം പോലുള്ള ആവശ്യങ്ങളെ നിശിതമായി എതിർത്തു. ദ്രാവിഡനാടു എന്ന ആവശ്യം അണ്ണാദുരെ തന്നെ പിൽക്കാലത്ത് പരസ്യമായി ഉപേക്ഷിച്ചു.
കണ്ണകിയുടെ ചിലപ്പതികാരം പുകൾപ്പെറ്റ നാട്ടിൽ തമിഴിസൈക്ക് നേരിട്ട അപമാനം ബി ജെ പിയുടെ ആഭ്യന്തര പ്രശ്നം മാത്രമായി ഒരിക്കലും അവസാനിക്കില്ല. അതു വർഷങ്ങൾ നീറിപ്പുകയും.