National
തമിഴക വെട്രി കഴകം; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന് വിജയ്
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും വിജയ്
ചെന്നൈ| തമിഴക വെട്രി കഴകം എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് തമിഴ് നടന് വിജയ്.
വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ നടന്ന യോഗത്തില്‍ വിജയ് ഫാന്‍സ് ക്ലബ്ബായ വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിനുശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. വിജയ് ആണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവരെയും തെരഞ്ഞെടുത്തതായാണ് വിവരം. 2026ല്‍ തന്റെ രാഷ്ട്രീയ അരങ്ങേറ്റം ഉണ്ടാകുമെന്ന് വിജയ് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും വിജയ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.