Kerala
തമിഴ്നാട് പോലീസ് തിരയുന്ന മോഷണക്കേസ് പ്രതി ചിറ്റാറില്‍ പിടിയില്‍
തമിഴ്നാട് തിരുനെല്‍വേലി മുന്നീര്‍പള്ളം മേലകരുണ്‍കുളം, 31/2 സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റില്‍ മൈദീന്‍ പിച്ചയാണ് അറസ്റ്റിലായത്.
പത്തനംതിട്ട | തമിഴ്നാട് പോലീസ് ഒന്നര വര്‍ഷമായി തിരഞ്ഞുവരുന്ന നിരവധി മോഷണ
കേസുകളിലെ പ്രതിയെ ചിറ്റാര്‍ നീലിപിലാവില്‍ നിന്നും പോലീസ് പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട് തിരുനെല്‍വേലി മുന്നീര്‍പള്ളം മേലകരുണ്‍കുളം, 31/2 സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റില്‍ മൈദീന്‍ പിച്ചയാണ് അറസ്റ്റിലായത്.
ചിറ്റാര്‍ എസ് ഐ. രവീന്ദ്രന്‍ നായര്‍, സി പി ഒമാരായ മിഥുന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവിടെ ഒളിവില്‍ കഴിഞ്ഞുവന്ന മോഷ്ടാവിനെ പിടികൂടിയത്. തുടര്‍ന്ന്, തമിഴ്നാട് തിരുനെല്‍വേലി കല്ലിടിക്കുറിച്ചി എസ് ഐ. അന്‍വറിനും സംഘത്തിനും പ്രതിയെ കൈമാറുകയായിരുന്നു.
വാഹനമോഷണം പതിവാക്കിയ മൈദീന്‍ പിച്ച, കഴിഞ്ഞ 30ന് കല്ലിടിക്കുറിച്ചിയില്‍ നിന്നും ബജാജ് പ്ലാറ്റിന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈല്‍സ് പണിയും മേസ്തിരി പണിയുമൊക്കെയായി പലര്‍ക്കൊപ്പം കൂടി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ ചിറ്റാര്‍ കാണിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ പോലീസിനെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് എസ് ഐ. രവീന്ദ്രന്റെ നേതൃത്വത്തില്‍ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്ക് പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.