Connect with us

National

തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യ പ്രതി അറസ്റ്റില്‍

വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയെയാണ് കടലൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍.

സംഭവത്തില്‍ ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ദുരന്തമുണ്ടായ കരുണാപുരം കോളനിയില്‍ വ്യാജ മദ്യ വില്‍പന വ്യാപകമായതോടെ സിസിടിവി സ്ഥാപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മദ്യവില്‍പ്പന നടത്തുന്ന സംഘം അവ നശിപ്പിക്കുകയായിരുന്നു. ഇക്കാര്യം പോലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പുതിയ സിസിടിവി സ്ഥാപിക്കുന്നതിനൊപ്പം മേഖലയില്‍ മുഴുവന്‍ സമയവും പോലീസ് നിരീക്ഷണം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

അതിനിടെ വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി മരിച്ചു. ഇതോടെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 90 ഓളം പേര്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

അഞ്ചു രൂപയ്ക്ക് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായി റിട്ടയേഡ് ജഡ്ജിയെ ഏകാംഗ കമ്മീഷനായി തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.