Connect with us

Kerala

തമ്മിലടി: തൃശൂര്‍ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റ് രാജിവച്ചു

ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിന്‍സെന്റ്.

Published

|

Last Updated

തൃശൂര്‍| കെ മുരളീധരന്റെ തോല്‍വിക്കു പിന്നാലെ ഉണ്ടായ പാര്‍ട്ടിയിലെ ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ഡി സി സി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രാജിവച്ചു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജിവച്ചു. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് വിന്‍സെന്റ് വ്യക്തമാക്കി. ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും എംപി വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

ജോസിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ഡി സി സി ഓഫീസിലെത്തിയത്. ജോസ് വള്ളൂരിനെ എതിര്‍ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകരും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഇതേസമയം ഓഫീസിലുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ഡിഡിസി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് ജോസ് വള്ളൂര്‍ രാജിവച്ചത്. രാജിയെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊട്ടിക്കരഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ തോല്‍വിക്കും ഡി സി സി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ തൃശ്ശൂര്‍ ഡി സി സി അധ്യക്ഷന്‍ ജോസ് വള്ളൂരിനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സന്റിനോടും കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നു. എ ഐ സി സി നിര്‍ദേശം ജോസിനേയും വിന്‍സന്റിനേയും കെ പി സി സി അറിയിക്കുകയായിരുന്നു.

പാലക്കാട് എം പി വി കെ ശ്രീകണ്ഠന് ഡി സി സി പ്രസിഡന്റിന്റെ താല്‍കാലിക ചുമതലയും നല്‍കി. കൂട്ടത്തല്ലില്‍ വിശദീകരണവുമായി ജോസ് വള്ളൂര്‍ രംഗത്തെത്തിയിരുന്നു. കൂട്ടത്തല്ല് മദ്യലഹരിയില്‍ ഡി സി സി സെക്രട്ടറി സജീവന്‍ കുരിച്ചിറയുടെ നേതൃത്വത്തില്‍ ഉണ്ടായതാണെന്നായിരുന്നു തൃശ്ശൂര്‍ ഡി സി സിയുടെ വിശദീകരണം. കെ.എസ്.യു. നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവന്‍ മര്‍ദിച്ചുവെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

 

 

 

Latest