thanneer komban
മാനന്തവാടിയില്‍ മയക്കുവെടിവച്ചു പിടികൂടിയ തണ്ണിര്‍ക്കൊമ്പന്‍ ചരിഞ്ഞു
വിദഗ്ധ പരിശോധനക്കു കാത്തു നില്‍ക്കെ ബന്ദിപ്പൂരിലാണ് ആന ചരിഞ്ഞത്
വയനാട് | മാനന്തവാടിയില്‍ നിന്നു പിടികൂടിയ തണ്ണിര്‍ക്കൊമ്പന്‍ ചരിഞ്ഞു. ഇന്ന് ബന്ദിപ്പൂരില്‍ വെച്ചാണ് ആന ചെരിഞ്ഞത്. ഇന്നലെയാണ് മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയത്.
ദുഃഖകരമായ വാര്‍ത്തയാണിതെന്നും ഏറ്റവും സുതാര്യമായ രീതിയിലാണ് ആനയെ മയക്കുവെടിവച്ചതെന്നും കേരള വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം എന്താണെന്നു സ്ഥിരീകരിക്കാന്‍ കഴിയു എന്നും മന്ത്രി പറഞ്ഞു.
17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ തളച്ചത്. പിടിയിലായ കൊമ്പനെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് എടവക പഞ്ചായത്തിലെ പായോടില്‍ ആദ്യം കാട്ടാനയെ കണ്ടത്. ജനവാസ മേഖലയിലൂടെ ഏറ നേരം സഞ്ചരിച്ച ആന, പുഴ മുറിച്ചുകടന്ന് മാനന്തവാടി നഗരത്തിലെത്തി. ഏഴരയോടെ കെ എസ് ആര്‍ ടി സി ഗ്യാരേജിന് സമീപവും 7.50 ന് ന്യൂമാന്‍സ് കോളജിന് സമീപവും കണ്ട കാട്ടാന എട്ടു മണിയോടെ താലൂക്ക് ഓഫീസ് പരിസരത്തെത്തി.
ഒമ്പത് മണിയോടെ മാനന്തവാടി താഴെ അങ്ങാടിയിലെ പോലീസ് സ്റ്റേഷനു സമീപത്തെ വാഴത്തോട്ടത്തില്‍ ആന നിലയുറപ്പിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണെന്നു തിരിച്ചറിഞ്ഞതോടെ വനപാലകര്‍ കര്‍ണാടക വനം വകുപ്പുമായി ബന്ധപ്പെട്ടു. ഇതോടെയാണ് ജനുവരി 16ന് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി മൂലഹള്ള വനമേഖലയില്‍ തുറന്നുവിട്ട തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടാനയാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.
വൈകുന്നേരം അഞ്ചരയോടെ ആനയെ ആദ്യ മയക്കുവെടി വെച്ച വനപാലകസംഘം, അരമണിക്കൂറിനകം അടുത്ത ഡോസും നല്‍കി. മയങ്ങിത്തുടങ്ങിയ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിന്‍ കയറ്റിയത്.
തുടര്‍ന്ന് തണ്ണീര്‍ കൊമ്പനെ കര്‍ണാടക വനം വകുപ്പിനു കൈമാറിയിരുന്നു. വിശദപരിശോധന നടത്തിയ ശേഷം കാട്ടില്‍ വിട്ടാല്‍ മതിയെന്ന നിലപാടിലായിരുന്നു അധികൃതര്‍. അതിനിടയിലാണ് ഇന്നു കാലത്ത് ആന ചരിഞ്ഞത്.
മയക്കുവെടി വെച്ച് പിടികൂടി എലിഫന്റ് ആംബുലന്‍സില്‍ ബന്ദിപ്പൂര്‍ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ചെങ്കിലും ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എലിഫന്റ് ആംബുലന്‍സ് രാമപുര ക്യാമ്പിലെത്തി നിര്‍ത്തിയപ്പോള്‍ തന്നെ തണ്ണീര്‍ കൊമ്പന്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പുറത്തേക്ക് നടത്തി ഇറക്കാനായില്ലെന്നുമാണ് കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പിന്നീട് ആന എഴുന്നേറ്റില്ല.
അല്‍പസമയത്തിനകം ആന ചരിഞ്ഞു. പെട്ടെന്നുള്ള മരണകാരണം സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോള്‍ പുരോഗമിക്കുന്നത്. ആനയ്ക്ക് ബാഹ്യമായ പരിക്കുകളോ ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. 15മണിക്കൂറിലധികം വെള്ളം കുടിക്കാത്തതിനാല്‍ ആനക്കു നിര്‍ജ്ജലീകരണം ഉണ്ടായിരുന്നോ എന്നകാര്യവും കണ്ടെത്തേണ്ടതുണ്ട്. ഉച്ചയോടെയായിരിക്കും ആനയുടെ പോസ്റ്റ് മോര്‍ട്ടം ആരംഭിക്കുക. ഇതിനുശേഷമായിരിക്കും യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുക.