From the print
താനൂർ ബോട്ടപകടം മറയാക്കി ലീഗിൽ ഗ്രൂപ്പ് പോര്
യഹ്‍യാഖാനെതിരായ നടപടി ഷാജി വിഭാഗത്തിനുള്ള മുന്നറിയിപ്പ്
കൽപ്പറ്റ| താനൂരിലെ ബോട്ടപകടം ഏറ്റെടുത്ത് മുസ്‍ലിം ലീഗിലെ ഇരു ചേരികൾ തമ്മിൽ തുടരുന്ന പോര് പുതിയ തലത്തിലേക്ക്. സ്വാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച് പാർട്ടിയുടെ ഔദ്യോ ഗിക വാട്്സാപ്പ് ഗ്രൂപ്പിൽ പ്രതികരിച്ച, കെ എം ഷാജി വിഭാഗത്തിലെ വയനാട്ടിൽ നിന്നുള്ള പ്രമുഖ നേതാവ് യഹ്്യാഖാൻ തലക്കലിനെതിരെയാണ് അച്ചടക്ക നടപടി. നിലവിൽ വയനാട് ജില്ലാ മുസ്‍ലിം ലീഗ് ട്രഷററായ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കി.
പാർട്ടി അച്ചടക്കം ലംഘിച്ചതിന് അന്വേഷണ വിധേയമായി ഓദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറ്റിയതായാണ് വിശദീകരണം. എന്നാൽ താനൂർ അപകടത്തിന് ശേഷം തുടരുന്ന വിമർശങ്ങൾ ഷാജി വിഭാഗം ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നടപടിയിലൂടെ ഔദ്യോഗിക വിഭാഗം നൽകിയിരിക്കുന്നത്.
പാണക്കാട് സ്വാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും അധിക്ഷേപിക്കുന്ന തരത്തിൽ വയനാട് ജില്ലാ മുസ്‍ലിം ലീഗ് ഭാരവാഹികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് യഹ്‍യ ഖാൻ വിമർശം നടത്തിയത്. താനൂരിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പി കെ കുഞ്ഞാലിക്കുട്ടിയും സ്വാദിഖലി തങ്ങളും നിൽക്കുന്ന ഫോട്ടോ എടുത്ത് അധിക്ഷേപകരമായ അടിക്കുറിപ്പോടെ വാട്സാപ്പ് ഗ്രൂപ്പിലിടുകയായിരുന്നു.
രാഷ്ട്രീയപരമായി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട സമയത്ത് പിണറായിയെ ഇരു നേതാക്കളും സ്വീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരിഹാസം. യഹ്‍യയുടെ പരാമർശം ഗ്രൂപ്പിൽ ചർച്ചയായതിന് പിന്നാലെ വിശദീകരണമൊന്നും ചോദിക്കാതെ നടപടി സ്വീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രി താനൂരിലെത്തി മാധ്യമങ്ങളെ കണ്ടപ്പോൾ സ്വാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഇടത്തും വലത്തുമായി ഒപ്പമുണ്ടായിരുന്നു. മാത്രമല്ല, മന്ത്രി അബ്ദുർറഹ്മാന്റെ എം എൽ എ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇരുവരും പങ്കെടുത്തിരുന്നു.
താനൂരിൽ ഗസ്റ്റ്ഹൗസ് അടക്കമുള്ള സൗകര്യങ്ങളുള്ളപ്പോഴായിരുന്നു എം എൽ എയുടെ ഓഫീസിൽ യോഗം. കോൺഗ്രസ്സ് നേതാക്കളടക്കം സർക്കാറിനെ കുറ്റപ്പെടുത്തി പ്രതികരണം തുടങ്ങിയപ്പോൾ ലീഗ് നേതാക്കൾ സ്വീകരിച്ച ഈ നടപടി വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ദുരന്തമുഖത്തെ പ്രതിപക്ഷത്തിന്റെ മാതൃകാ പ്രവർത്തനം എന്ന നിലയിലായിരുന്നു ഈ പ്രതികരണങ്ങൾ. ലീഗ് നേതൃത്വത്തിന്റെ ഈ സമീപനം ഇടതുപക്ഷത്തോട് കൂടുതൽ അടുക്കുന്നതിന്റെ സൂചനയായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ലീഗ് നേതൃത്വത്തിന്റെ സമീപനത്തിൽ കോൺഗ്രസ്സിനും അതൃപ്തിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെ എം ഷാജി വിഭാഗം താനൂർ സംഭവത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. ഷാജിയെ കൂടാതെ എം എം എൽ എ മാരായ എം കെ മുനീർ, പി കെ ബഷീർ എന്നിവരെല്ലാം സർക്കാറിന്റെ പിടിപ്പുകേടാണ് അപകട കാരണമെന്ന് ആരോപിച്ചിരുന്നു.
താനൂരിൽ മുഖ്യമന്ത്രിയെ കാലുകുത്തിക്കില്ലെന്ന തരത്തിൽ കെ എം ഷാജി പ്രസംഗിക്കുകയും ചെയ്തു. നേരത്തേ യഹ്‍യാഖാനെ മുൻനിർത്തി വയനാട് ജില്ലാ ലീഗ് ജില്ലാ നേതൃത്വം പിടിക്കാനുള്ള മത്സരത്തിൽ കെ എം ഷാജി വിഭാഗത്തിന് തിരിച്ചടി നേരിട്ടിരുന്നു.