Connect with us

Kerala

താനൂര്‍ ബോട്ട് അപകടം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

അപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കലക്ടര്‍ ഇന്ന് സമര്‍പ്പിക്കും

Published

|

Last Updated

കൊച്ചി |  22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കലക്ടര്‍ ഇന്ന് സമര്‍പ്പിക്കും. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം വിഷയം പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുക.

ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷനാണ് അപകടം അന്വേഷിക്കുക.

അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു.