tanur boat tragedy
താനൂർ ബോട്ട് ദുരന്തം: ബോട്ട് ഡ്രൈവർ പിടിയിൽ
ബോട്ട് ഡ്രൈവർ ദിനേശന് ലൈസൻസ് ഇല്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
മലപ്പുറം | താനൂർ തൂവൽ തീരത്ത് വൻ ദുരന്തത്തിന് ഇടയാക്കിയ അറ്റ്ലാൻ്റിക് ബോട്ടിൻ്റെ ഡ്രൈവറെ പോലീസ് പിടികൂടി. ഡ്രൈവർ ഒട്ടുംപുറം സ്വദേശി ദിനേശനെ താനൂരിൽ നിന്ന് തന്നെയാണ് പോലീസ് പിടികൂടിയത്. ഞായർ രാത്രി അപകടമുണ്ടായയുടനെ മുങ്ങിയ ഇയാൾ മൂന്ന് ദിവസത്തോളമായി ഒളിവിലായിരുന്നു. ബോട്ട് ജീവനക്കാരൻ രാജനെ പിടികൂടിയിട്ടില്ല.
ബോട്ട് ഡ്രൈവർ ദിനേശന് ലൈസൻസ് ഇല്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അപകട സമയം 37 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആളുകളെ കുത്തിനിറച്ചാണ് യാത്ര പോയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അതേസമയം, അറസ്റ്റിലായ ബോട്ടുടമ താനൂർ സ്വദേശി നാസറിനെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്കയച്ചു. ഇയാളുടെ കസ്റ്റഡി അപേക്ഷ നാളെ പോലീസ് സമർപ്പിക്കും. കോടതിയിലേക്ക് കൊണ്ടുവന്നപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചത് കോടതി പരിസരത്ത് നേരിയ സംഘർഷത്തിനിടയാക്കി.
നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. അപകടത്തിനും മരണത്തിനും കാരണമാകുമെന്ന് ബോധ്യമുണ്ടായിട്ടും സർവീസ് നടത്തിയതിന്റെ പേരിലാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു.
നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. താനൂർ സ്വദേശികളായ മുഹമ്മദ് ശാഫി, പി വാഹിദ്, പി സലാം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
നാസറിനെ എസ് പി എസ് സുജിത് ദാസ്, അന്വേഷണ ഉദ്യോഗസ്ഥൻ വി വി ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. അപകടത്തിൽപ്പെട്ട ബോട്ട് പരിശോധനക്ക് കുസാറ്റിന്റെ സഹായം തേടും. ഇതിനായി ഉടൻ കത്ത് നൽകും. ബോട്ടിന് സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് പരിശോധനയടക്കം നടത്താനാണ് കുസാറ്റ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടുന്നത്. അപകടസ്ഥലത്ത് എൻ ഡി ആർ എഫിന്റെ സഹായത്തോടെ നടത്തുന്ന തിരച്ചിൽ രണ്ട് ദിവസം കൂടി തുടരും. അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും തിരച്ചിലിൽ പങ്കുചേരുന്നുണ്ട്. ഇനി ആരെയും കണ്ടെത്താനുള്ളതായി വിവരമില്ല.