Kerala
താനൂര്‍ ബോട്ട് ദുരന്തം: സര്‍ക്കാര്‍ ധനസഹായം അപര്യാപ്തമെന്ന് ചെന്നിത്തല
ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ദുരന്തത്തിനു കാരണമെന്നും ചെന്നിത്തല.
താനൂര്‍ | താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്ന് രമേശ് ചെന്നിത്തല. കോഴിക്കോട്ട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുങ്ങിമരിച്ചപ്പോള്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ വ്യക്തിഗത ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പല കുടുംബങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടതിനാല്‍ 10 ലക്ഷം രൂപ തീരെ അപര്യാപ്തമാണെന്ന് ചെന്നിത്തല പറഞ്ഞു. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ദുരന്തത്തിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. വൈകിട്ട് അഞ്ചിനു ശേഷം യാത്രാബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുമതിയില്ല. എന്നാല്‍ ദുരന്തത്തിനിരയായ ബോട്ട് ഈ സമയപരിധിക്കു ശേഷമാണ് സര്‍വീസ് നടത്തിയത്.
ജില്ലാ വികസന സമിതിയില്‍ താനൂരിലെ ബോട്ട് സര്‍വീസിനെ കുറിച്ചു പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ കണ്ണടക്കുകയായിരുന്നെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബോട്ട് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
അന്‍വര്‍ സാദത്ത് എം എല്‍ എ, ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി ടി അജയ്മോഹന്‍, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു കെ അഭിലാഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വൈ പി ലത്തീഫ് എന്നിവര്‍ ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.