Connect with us

from print

താനൂർ നഗരം ജുമുഅത്ത് പള്ളി മുതവല്ലി നിയമനം: സ്റ്റേ ആവശ്യം തള്ളി

എതിർ കക്ഷികൾ കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണൽ മുമ്പാകെ നൽകിയ സ്റ്റേ പെറ്റിഷനാണ് തള്ളിയത്.

Published

|

Last Updated

കോഴിക്കോട്| താനൂർ നഗരം ജുമുഅത്ത് പള്ളി മുതവല്ലി നിയമനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വഖ്ഫ് ട്രൈബ്യൂണൽ തള്ളി. മൂന്ന് ദിവസം തുടർച്ചയായി വാദം കേട്ട ശേഷമാണ് കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണൽ സ്റ്റേ പെറ്റീഷൻ തള്ളിയത്. വഖ്ഫ് ബോർഡിൽ 2501/ ആർ എ നമ്പറായി രജിസ്റ്റർ ചെയ്ത താനൂർ നഗരം ജുമുഅത്ത് പള്ളിയുടെ മുതവല്ലി സ്ഥാനം വഹിച്ചുവരുന്നത് പാരമ്പര്യമായി മഖ്ദൂമി കുടുംബ പരമ്പരയിലെ നാലകത്ത് കുടുംബമാണ്.

മുതവല്ലി അലി ഹസൻ എന്ന കുഞ്ഞിബാവ മുസ്‌ലിയാർ 2009 ൽ മരണപ്പെട്ടപ്പോൾ മൂത്ത മകൻ അബ്ദുർറഹീമിനെ അടുത്ത മുതവല്ലിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോർഡിൽ അപേക്ഷ നൽകുകയും നടപടികൾ പൂർത്തിയാകുന്നതിനു മുമ്പ് ഫയലുകൾ മഞ്ചേരി ഓഫീസിലേക്ക് മാറ്റിയതിനാൽ മുതവല്ലി നിയമനം നീണ്ടുപോകുകയും ചെയ്തു. അതിനിടെ, കമ്മിറ്റിയാണ് മുതവല്ലിയെന്ന് കാണിച്ച് ഏതാനും ചിലർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2017 ഒക്‌ടോബർ 30ന് താത്കാലിക ഉത്തരവ് നേടി. ഇതിനെതിരെ മുതവല്ലി കുടുംബം വഖ്ഫ് ബോർഡിനെ സമീപിക്കുകയും ബോർഡ് രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്തു.

ഇരു വിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ഡിവിഷനൽ ഓഫീസറുടെ 2017 ഒക്‌ടോബർ 30ലെ ഉത്തരവ് റദ്ദ് ചെയ്യുകയും മുതവല്ലി കുടുംബത്തെ അംഗീകരിച്ചു കൊണ്ട് ഈ വർഷം മെയ് 31ന് നാലകത്ത് കുടുംബത്തിലെ വി വി എൻ അബ്ദുർറഊഫിനെ മുതവല്ലിയായി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ എതിർ കക്ഷികൾ കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണൽ മുമ്പാകെ നൽകിയ സ്റ്റേ പെറ്റിഷനാണ് തള്ളിയത്.

മുതവല്ലിക്ക് വേണ്ടി കോഴിക്കോട് ബാർ അസ്സോസിയേഷനിലെ സീനിയർ അഭിഭാഷകൻ അഡ്വ. ബാലചന്ദ്രൻ സി, അഡ്വ. പത്മനാഭൻ എന്നിവരും എതിർ കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കെ പി മായൻ, വി പി നാരായണൻ, അബ്ദുർ റഊഫ് താനുർ എന്നിവരും ഹാജരായി.

Latest