Kerala
താനൂർ കസ്റ്റഡി മരണം: എസ് ഐ ഉൾപ്പെടെ എട്ട് പോലീസുകാർക്ക് സസ്പെൻഷൻ
അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
താനൂർ | താനൂർ കസ്റ്റഡി മരണ കേസിൽ എസ് ഐ ഉൾപ്പെടെ എട്ട് പോലീസുകാർക്ക് സസ്പെൻഷൻ. കൃഷ്ണലാൽ, കെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യൂ, വിപിൻ കൽപകഞ്ചേരി, ആൽബിൻ അഗസ്റ്റിൻ എന്നിവർക്കാണ് സസ്പെൻഷൻ. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
തിരുരങ്ങാടി സ്വദേശി താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിർ ജിഫ്രിക്ക് മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശരീരത്തിൽ മർദനമേറ്റതിന്റെ ചതവുകൾ അടക്കം 13 പാടുകൾ കണ്ടെത്തിയിട്ടുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താനൂര്‍ ദേവധാര്‍ പലത്തിന് സമീപം വെച്ചാണ് താമിർ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരില്‍ നിന്ന് 18 ഗ്രാമില്‍ അധികം എം ഡി എം എയും പിടികൂടിയിരുന്നു.