tanur custody death
താനൂര്‍ കസ്റ്റഡി മരണം; അന്വേഷണം സി ബി ഐക്ക് വിട്ടു
താമിര്‍ ജിഫ്രിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം | താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സി ബി ഐക്ക് വിട്ട് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേസ് അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസില്‍ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് താമിര്‍ ജിഫ്രിയുടെ കുടുംബം പോലീസിനെതിരെ രംഗത്തെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നും തുടക്കം മുതല്‍ പോലീസ് സ്വീകരിച്ച ഒളിച്ചുകളിയാണെന്നുമാണ് കുടുംബത്തിന്റെ നിലപാട്.
ഈ ആശങ്ക മുന്‍നിര്‍ത്തിയാണ് കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയായിരുന്നു താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്‌രി മരിച്ചത്.