Kerala
താനൂർ ദുരന്തം: ഡബിൾ ഡക്കർ വിനോദ സഞ്ചാര ബോട്ടാക്കിയത് മത്സ്യബന്ധന ബോട്ട്; നോക്കുകുത്തിയായി അധികൃതർ
ഡബിൾ ഡക്കർ ബോട്ടിന്റെ ബാലൻസും കരുത്തും ബോട്ടിന് ഇല്ലാത്തത്തിനാൽ ആളുകൾ ഒരു ഭാഗത്ത് കൂട്ടം കൂടിയാൽ തന്നെ ബോട്ട് ആ ഭാഗത്തേക്ക് ചരിയുന്ന സ്ഥിതിയായിരുന്നു. ബോട്ട് തലകീഴായി മറിയാനിടയാക്കിയതും ഇതാണ്.
മലപ്പുറം | താനൂരിൽ 20ലേറെ പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് അധികൃതരുടെ നിസംഗതയും അനാസ്ഥയും കാരണമായതായി തെളിയുന്നു. അധികൃതരെ നോക്കുകുത്തിയാക്കിയാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒരു മാസത്തോളമായി സ്വകാര്യ ബോട്ട് യാത്ര നടത്തിയത്. കഴിഞ്ഞ വിഷുദിവസത്തിലാണ് താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാര ബോട്ട് സർവീസ് ആരംഭിച്ചത്. നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയായിരുന്നു ബോട്ടിന്റെ സഞ്ചാരം. ബോട്ടിന് ലൈസൻസ് പോലും ഉണ്ടായിരുന്നില്ലെന്നാണ് അപകട ശേഷം മന്ത്രി തന്നെ വെളിപ്പെടുത്തിയത്. ലൈസൻസും മതിയായ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഒരു മാസത്തോളം ബോട്ട് സർവീസ് നടത്തിയിട്ടും അധികൃതർ ഇടപെട്ട് തടഞ്ഞില്ലെന്നത് ഗുരുതര അനസ്ഥയാണ്.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് ആൾട്ടർ ചെയ്താണ് ഡബിൾ ഡക്കർ വിനോദ സഞ്ചാര ബോട്ടാക്കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഒരു ഡബിൾ ഡക്കർ ബോട്ടിന് വേണ്ട യാതൊന്നും ഈ ബോട്ടിന് ഉണ്ടായിരുന്നില്ല. തികച്ചും അശാസ്ത്രീയമായി നിർമിച്ച ബോട്ടിൽ പരാമവധിയിൽ കൂടുതൽ ആളുകളെ കുത്തിനിറയ്ക്കുക കൂടി ചെയ്തത് അപകട സാധ്യത കൂട്ടി. ഡബിൾ ഡക്കർ ബോട്ടിന്റെ ബാലൻസും കരുത്തും ബോട്ടിന് ഇല്ലാത്തത്തിനാൽ ആളുകൾ ഒരു ഭാഗത്ത് കൂട്ടം കൂടിയാൽ തന്നെ ബോട്ട് ആ ഭാഗത്തേക്ക് ചരിയുന്ന സ്ഥിതിയായിരുന്നു. ബോട്ട് തലകീഴായി മറിയാനിടയാക്കിയതും ഇതാണ്.
യാത്രക്കാര്‍ക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ല. ആറ് മണി വരെയാണ് ബോട്ട് സാധാരണ സർവീസ് നടത്താറുള്ളത്. എന്നാൽ ഞായറാഴ്ച തിരക്ക് കൂടിയതിനാൽ ഏഴ് മണിക്കും സർവീസ് തുടരുകയായിരുന്നു.
സംസ്ഥാനത്ത് പല തീരങ്ങളിലും ഇത്തരത്തിൽ അനധികൃത ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് വിവരം. അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള ഇത്തരം വിനോദസഞ്ചാര ബോട്ടുകൾ മനുഷ്യക്കുരുതിക്ക് കാരണമാകുമ്പോൾ മാത്രമാണ് അധികാരികൾ ഉണർന്നുപ്രവർത്തിക്കുന്നത്. പേരിന് കുറച്ച് ലൈഫ് ജാക്കറ്റുകൾ ഉണ്ടാകുമെന്നതൊഴിച്ചാൽ മറ്റു പല സുരക്ഷാ മാനദണ്ഡങ്ങളും ബോട്ടുകളിൽ കാണാറില്ല. ഉള്ള ലൈഫ് ജാക്കറ്റുകൾ തന്നെ ആളുകൾ ധരിക്കാറില്ലെന്നതും മറ്റൊരു കാര്യം.