tanur boat tragedy
താനൂർ ദുരന്തം: ബോട്ട് ഉടമക്കെതിരെ നരഹത്യാ കുറ്റം ചുമത്തി
പരപ്പനങ്ങാടി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
കോഴിക്കോട് | താനൂരിൽ ദുരന്തം വരുത്തിയ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിനെതിരെയ മനഃപൂർവമായ നരഹത്യാ കുറ്റം ചുമത്തിയെന്ന് മലപ്പുറം എസ് പി അറിയിച്ചു. 24 മണിക്കൂറിനകം പരപ്പനങ്ങാടി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. ഇന്നലെ കോഴിക്കോട് ബീച്ചിൽ നിന്നാണ് പരപ്പനങ്ങാടി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് എലത്തൂർ ഭാഗത്ത് ഒളിവിൽ കഴിഞ്ഞ ഇയാൾ പോലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കി ബീച്ചിലെ ആകാശവാണിക്ക് സമീപത്തേക്ക് മാറുകയായിരുന്നു.
അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ ഒളിവിലാണ്. ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നാസറിനെ പിടികൂടാൻ സഹായിച്ചത്. സംഭവം നടന്നതിന് പിന്നാലെ ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇടക്ക് ഒരു സിം പ്രവർത്തിച്ചതിനെ തുടർന്നാണ് സഞ്ചാര നീക്കം മനസ്സിലായത്. മലപ്പുറം, കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
വാഹന പരിശോധനക്കിടെ ഇന്നലെ എറണാകുളത്ത് വെച്ച് നാസറിന്റെ കാർ പിടിച്ചെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ശാഫി എന്നിവരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലായത്.