Connect with us

Achievements

താൻസാനിയ ഹോളി ഖുർആൻ അവാർഡ്: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും

അമ്പതോളം രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷം അവാർഡിനായി മത്സരിക്കുന്നത്. ഹാഫിള് സൈനുൽ ആബിദ് മർകസ് സാനവിയ്യ വിദ്യാർഥിയാണ്.

Published

|

Last Updated

കോഴിക്കോട് | കിഴക്കനാഫ്രിക്കൻ രാജ്യമായ താൻസാനിയയിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് സാനവിയ്യ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. അമ്പതോളം രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷം അവാർഡിനായി മത്സരിക്കുന്നത്. ഇന്നലെ മുതൽ ആരംഭിച്ച് 16 വരെ നടക്കുന്ന മത്സരങ്ങളിൽ വിവിധ സെഷനുകൾ പൂർത്തീകരിച്ച് അവസാന ഘട്ടത്തിൽ എത്തുന്ന വിജയിക്കാണ് അവാർഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ജേതാവായിരുന്നു സൈനുൽ ആബിദ്. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സോഷ്യോളജി ബിരുദ വിദ്യാർഥി കൂടിയാണ്.

വിശുദ്ധ റമസാനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രശസ്ത ഖുർആൻ പാരായണ- മനഃപാഠ മത്സരങ്ങളിൽ എല്ലാ വർഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയം നേടാറുമുണ്ട്. ഇതിനകം 24 അന്താരാഷ്ട്ര അവാർഡുകൾ മർകസ് ഖുർആൻ അക്കാദമിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം താൻസാനിയയിലേക്ക് പുറപ്പെട്ട ഹാഫിള് സൈനുൽ ആബിദിനെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, പ്രൊ. ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ യാത്രയാക്കി.

Latest