Editors Pick
ലക്ഷ്യം 400 സീറ്റുകൾ; ചാക്കിട്ടുപിടുത്തം ഉൾപ്പെടെ തന്ത്രങ്ങൾ; വൻ പദ്ധതി ഒരുക്കി ബിജെപി
മറ്റ് പാർട്ടികളിൽ നിന്നുള്ള സ്വാധീനമുള്ള നേതാക്കളെയും സിറ്റിംഗ് എംപിമാരെയും ബിജെപിയിലേക്ക് കൊണ്ടുവരുന്നതിന് വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി

ന്യൂഡൽഹി | ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ 543ൽ 400 സീറ്റുകളും നേടുകയെന്ന ലക്ഷ്യത്തോടെ ബിജെപി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. മറ്റു പാർട്ടികളിൽ നിന്ന് യോഗ്യരായ നേതാക്കളെ ചാക്കിട്ടുപിടിച്ച് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് ഉൾപ്പെടെ വിവിധ തന്ത്രങ്ങൾ പാർട്ടി ആലോചിക്കുന്നതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന സുപ്രധാന യോഗത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ പാർട്ടിയുടെ വിവിധ ജനറൽ സെക്രട്ടറിമാർക്ക് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത ചുമതലകൾ നൽകി.
പാർട്ടിയിൽ ചേർത്തുന്ന സമിതിയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ ആണ് ചുമതലപ്പെടുത്തിയത്. മറ്റ് പാർട്ടികളിൽ നിന്നുള്ള സ്വാധീനമുള്ള നേതാക്കളെയും സിറ്റിംഗ് എംപിമാരെയും ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ആരായുന്നതായിരിക്കും ഈ സമിതിയുടെ പ്രവർത്തനം. ഇത്തരം നേതാക്കളുടെ സ്വാധീനവും തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള കഴിവും പരിഗണിച്ച് അവരെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്നാണ് ബിജെപി കരുതുന്നത്. കഴിഞ്ഞ തവണ ലഭിക്കാതെ പോയ 160 സീറ്റുകളിൽ പ്രത്യേക ശ്രദ്ധ ഊന്നിയാകും പ്രവർത്തനങ്ങൾ.
വിഷൻ ഡോക്യുമെന്റ് നിർമ്മിക്കാനുള്ള ചുമതല രാധാമോഹൻ ദാസ് അഗർവാളിനാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ വിഷൻ ഡോക്യുമെന്റ് അദ്ദേഹം മറ്റ് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് തയ്യാറാക്കും. തിരഞ്ഞെടുപ്പ് പ്രചാരണം, സംഘടനയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ സുനിൽ ബൻസാലും മറ്റ് ജനറൽ സെക്രട്ടറിമാരും നോക്കും.
ദുഷ്യന്ത് ഗൗതം രാജ്യത്തുടനീളം ബുദ്ധമത സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അവരോട് പറയുകയും ചെയ്യും. പാർട്ടി ജനറൽ സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ്, മൻസുഖ് മാണ്ഡവ്യ എന്നിവരുമായും ജെപി നദ്ദ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ ചേർന്നു.