Articles
താരിഫ് യുദ്ധം; അമേരിക്ക തോല്‍ക്കുകയാണ്
2024 അവസാനത്തോടെ മൂന്ന് ശതമാനം വളര്‍ച്ച നേടിയ അമേരിക്കന്‍ സമ്പദ്്വ്യവസ്ഥ നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ടാക്‌സ് ഫൗണ്ടേഷന്റെ റിപോര്‍ട്ട് പറയുന്നത് പുതിയ തീരുവ നയങ്ങള്‍ മൂലം അമേരിക്കയുടെ ജി ഡി പിയില്‍ 0.2 ശതമാനത്തിന്റെ കുറവുണ്ടാകാനും കനത്ത തൊഴില്‍ നഷ്ടത്തിനും സാധ്യതയുണ്ടെന്നാണ്. കൂടാതെ പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്നതിന്റെ അടയാളങ്ങളും സമ്പദ്്വ്യവസ്ഥയില്‍ പ്രത്യക്ഷമാണ്.

ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകൂടം ഈ വര്‍ഷം ജനുവരി 20ന് അധികാരമേറ്റതോടെ, അദ്ദേഹത്തിന്റെ പഴയ മുദ്രാവാക്യമായ “ഗ്രേറ്റ് അമേരിക്ക’ വീണ്ടും മുഴങ്ങുകയാണ്. അമേരിക്കന്‍ വ്യവസായങ്ങള്‍ക്ക് ഉണര്‍വ് നല്‍കുക, വ്യാപാര കമ്മി കുറയ്ക്കുക, ആഗോള സാമ്പത്തിക മേധാവിത്വം തിരികെ നേടുക എന്നിവയായിരുന്നു ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളുടെ പ്രധാന അജന്‍ഡകള്‍. ഇതിനായി അദ്ദേഹം മുന്നോട്ട് വെച്ച പ്രധാന തന്ത്രം “റെസിപ്രോക്കല്‍ താരിഫ്’ (Reciprocal Tariff) അഥവാ പ്രതികാര തീരുവ നടപ്പാക്കലാണ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ട്രംപിന്റെ ഭരണകൂടം ലക്ഷ്യമിടുന്നത്.
കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഉത്പന്നങ്ങള്‍ക്ക് ഏകദേശം 25 ശതമാനം വരെ തീരുവയും, ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നിലവിലുള്ള നികുതിക്ക് പുറമെ പത്ത് ശതമാനം അധിക നികുതിയുമാണ് നടപ്പാക്കിയത്. മാത്രമല്ല, ആഗോള വ്യാപാരത്തില്‍ വലിയ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന മറ്റു രാജ്യങ്ങള്‍ക്കെതിരെയും സമാനമായ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഈ നയങ്ങള്‍ നടപ്പാക്കി കേവലം രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും, അത്ര ശുഭകരമായ വാര്‍ത്തകളല്ല അമേരിക്കയില്‍ നിന്ന് വരുന്നത്. ഓഹരി വിപണിയില്‍ വലിയ തകര്‍ച്ചയാണ് ഇതിനകം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തി. ഇതിനുപുറമെ, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അതിവേഗം കുതിക്കുകയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതച്ചെലവുകളെ കാര്യമായി ബാധിക്കുന്നു. അവശ്യ സാധനങ്ങളുടെ വില വര്‍ധനവ് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഏകപക്ഷീയമായ വ്യാപാര നയങ്ങള്‍ക്കെതിരെ മറ്റ് രാജ്യങ്ങള്‍ ശക്തമായി പ്രതികരിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മറുപടി തീരുവകള്‍ ഏര്‍പ്പെടുത്താനും, ഇതൊരു വലിയ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങാനുമുള്ള സാധ്യതകളുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ക്ക് പിന്നാലെ, വിദേശ ഓട്ടോമൊബൈലുകള്‍ക്ക് 25 ശതമാനമെന്ന വലിയ തോതിലേക്ക് തീരുവ വ്യാപിപ്പിച്ചത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ മെര്‍ക്കന്റിലിസ്റ്റ് തന്ത്രങ്ങളെ ഓര്‍മിപ്പിക്കുന്ന നയമായും ചില വിദഗ്ധര്‍ ഈ നീക്കത്തെ നോക്കിക്കാണുന്നു. ഇറക്കുമതികള്‍ക്ക് നികുതി ചുമത്തി തദ്ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. കൂടുതല്‍ കമ്പനികളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാനും 1.1 ട്രില്യണ്‍ ഡോളറോളമെത്തിയ വ്യാപാര കമ്മി കുറക്കാനും ലക്ഷ്യമിടുന്നുണ്ട്.
എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമായ അമേരിക്കയുടെ ഈ നീക്കം ആഗോളതലത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. 2023ല്‍ മാത്രം അമേരിക്ക 3.1 ട്രില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 42 ശതമാനവും കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ്.
അമേരിക്കന്‍ ഡോളറിന്റെ ഉയര്‍ന്ന മൂല്യം ആഗോള വ്യാപാരത്തില്‍ കാര്യമായ സ്വാധീനം
ചെലുത്തുന്നുണ്ടെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. ഇറക്കുമതിക്ക് നികുതി ചുമത്തുന്നതിലൂടെ മാത്രം അന്താരാഷ്ട്ര വ്യാപാരത്തെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കില്ല. കാരണം, ഡോളറിന്റെ മൂല്യവും ഈ വിഷയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍, അന്താരാഷ്ട്ര കച്ചവടത്തില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങളുടെ ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. ഇത് അമേരിക്കയുടെ കയറ്റുമതിയില്‍ വലിയ തോതിലുള്ള ഇടിവിന് കാരണമാകും. അതുപോലെ, ഡോളറിന്റെ വില വര്‍ധിക്കുന്നതിലൂടെ വിദേശത്ത് നിന്ന് വരുന്ന ഉത്പന്നങ്ങളുടെ വില ആഭ്യന്തര വിപണിയില്‍ താരതമ്യേന കുറയുകയും, അത് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് അവിടെ വലിയ മാര്‍ക്കറ്റ് ഡിമാന്‍ഡുണ്ട്. ഈ ഉത്പന്നങ്ങളുടെ താരിഫ് കൂട്ടുന്നത് സാധാരണ ആളുകള്‍ ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ ഇടയാക്കും. മാത്രമല്ല പണപ്പെരുപ്പത്തിന് കാരണമാകുകയും ജനങ്ങള്‍ ബുദ്ധിമുട്ടിലാകുകയും ചെയ്യും. തുടര്‍ന്ന് വിപണിയിലെ ആവശ്യകത ഇടിയും, സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കും. ഇതുസംബന്ധിച്ച് പല പഠനങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.
2024 അവസാനത്തോടെ മൂന്ന് ശതമാനം വളര്‍ച്ച നേടിയ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ടാക്‌സ് ഫൗണ്ടേഷന്റെ റിപോര്‍ട്ട് പറയുന്നത് പുതിയ തീരുവ നയങ്ങള്‍ മൂലം അമേരിക്കയുടെ ജി ഡി പിയില്‍ 0.2 ശതമാനത്തിന്റെ കുറവുണ്ടാകാനും കനത്ത തൊഴില്‍ നഷ്ടത്തിനും സാധ്യതയുണ്ടെന്നാണ്. കൂടാതെ പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്നതിന്റെ അടയാളങ്ങളും സമ്പദ് വ്യവസ്ഥയില്‍ പ്രത്യക്ഷമാണ്. ജനുവരി മാസത്തില്‍ 2.1 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക്, മാര്‍ച്ചില്‍ 2.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഓഹരി വിപണിയിലെ തകര്‍ച്ചയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഫെബ്രുവരിയില്‍ നല്ല പ്രകടനം കാഴ്ചവെച്ച എസ് ആന്‍ഡ് പി 500 സൂചിക മാര്‍ച്ച് 12ന് ഒമ്പത് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇത് ഏകദേശം 1.7 ട്രില്യണ്‍ ഡോളറിന്റെ മൂല്യ നഷ്ടത്തിന് കാരണമായി. ഇതിനുപുറമെ മാര്‍ച്ച് നാലിന് ഡൗ ജോണ്‍സ് സൂചിക 670 പോയിന്റ് വരെ താഴേക്ക് പോയി. വിപണിയിലെയും സാമ്പത്തിക സൂചകങ്ങളിലെയും ഈ വ്യതിയാനങ്ങള്‍ വരും ദിവസങ്ങളില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന സൂചനയാണ് പറഞ്ഞു വെക്കുന്നത്. അമേരിക്ക ഒന്ന് തുമ്മിയാല്‍ ലോകം മുഴുവന്‍ ജലദോഷം പിടിക്കുന്നതു പോലെ, ആഗോള തലത്തിലും ഇതിന്റെ ആഘാതം കുറഞ്ഞ കാലത്തേക്കെങ്കിലും അനുഭവപ്പെടാന്‍ ഇടയുണ്ട്.