Connect with us

Business

വരുന്നു ടാറ്റയുടെ യുപിഐ ആപ്പ്

പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സേവനത്തിനായി ടാറ്റ ഗ്രൂപ്പ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍സിപിഐ) അനുമതി തേടിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളോട് മത്സരിക്കാന്‍ പുതിയ ആപ്പ് എത്തുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിഭാഗം പിടിച്ചെടുക്കാന്‍ ടാറ്റ ഗ്രൂപ്പാണ് പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഒരു പുതിയ ആപ്ലിക്കേഷനിലൂടെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സേവനത്തിനായി ടാറ്റ ഗ്രൂപ്പ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍സിപിഐ) അനുമതി തേടിയിട്ടുണ്ട്.

ഇന്ത്യയില്‍ ഒരു പുതിയ യുപിഐ അധിഷ്ഠിത ആപ്പ് പുറത്തിറക്കാനായി ടാറ്റ ഗ്രൂപ്പ് എന്‍സിപിഐയില്‍ നിന്ന് ക്ലിയറന്‍സ് തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡറായി (ടിപിഎപി) പ്രവര്‍ത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിട്ടുണ്ടെന്നും അടുത്ത മാസം ഉടന്‍ തന്നെ സേവനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പേയ്മെന്റ് സേവനത്തിനായി ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഡിജിറ്റലാണ് ചുക്കാന്‍ പിടിക്കുന്നത്. ഐസിഐസിഐ ബേങ്കുമായി ടാറ്റ ഡിജിറ്റല്‍ ചര്‍ച്ച നടത്തിവരികയാണ്. ഇന്ത്യയില്‍ ബേങ്കിങ് ഇതര പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്കെല്ലാം യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ നടത്താന്‍ ബേങ്കുകളുമായുള്ള പങ്കാളിത്തം ആവശ്യമാണ്. നിലവില്‍ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ പ്രവര്‍ത്തനം തന്നെയായിരിക്കും ടാറ്റയുടെ ആപ്പിലും ഉണ്ടായിരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത മാസം നടക്കുന്ന ഐപിഎല്‍ ക്രിക്കറ്റ് സീസണില്‍ ടാറ്റ ന്യു എന്ന ആപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിനൊപ്പം തന്നെ യുപിഐ ആപ്പും പുറത്തിറക്കാനുള്ള പദ്ധതികളാണ് ടാറ്റ ഗ്രൂപ്പിനുള്ളത്. ടാറ്റ ഡിജിറ്റല്‍ പുതിയ ആപ്പുകളുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം ഏപ്രില്‍ 7ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest