Connect with us

Ratan tata

ഫോർഡിന്റെ അപമാനത്തിൽ നിന്നുയിർത്തെഴുന്നേറ്റ ടാറ്റ കാറുകൾ

ഒരിക്കൽ തകർന്നടിഞ്ഞ ടാറ്റ മോട്ടോഴ്സിനെ ഏറ്റെടുക്കണമെന്ന് കേണപേക്ഷിച്ച് ഫോർഡിന് മുന്നിലെത്തിയ രത്തൻ ടാറ്റയെ ഫോർഡ് അപമാനിച്ചുവിട്ടു. പിന്നെ നടന്നത് ചരിത്രം

Published

|

Last Updated

1999, ടാറ്റ കമ്പനി അന്ന്‌ കാർ നിർമാണമേഖലയിൽ തിളങ്ങിനിന്ന ഫോർഡ്‌ മോട്ടോർസുമായി ഒരു ഡീലിന്‌ ശ്രമിക്കുകയായിരുന്നു. 1998ൽ നിർമാണം ആരംഭിച്ച്‌ തകർന്നുപോയ ടാറ്റയുടെ കാർ നിർമാണ യൂണിറ്റിനെ ഏറ്റെടുക്കണം എന്നായിരുന്നു ആവശ്യം. വിൽപ്പനയ്‌ക്കായി ഫോർഡ്‌ മേധാവിയായ ബിൽ ഫോർഡിനെ കാണാൻ രത്തൻ ടാറ്റയും ഫോർഡ്‌ ആസ്ഥാനത്തെത്തി. എന്നാൽ ഇവിടെ രത്തൻ ടാറ്റയ്‌ക്ക്‌ നല്ല അനുഭവമല്ല ഉണ്ടായത്‌. ടാറ്റ മോട്ടോർസ്‌ കാർ വിപണിയിലേക്കുള്ള നിർണായക യാത്ര ആരംഭിച്ചതും ഈ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമായിരുന്നു.

“നിങ്ങൾ എന്തിനാണ്‌ പാസഞ്ചർ കാറുകളുടെ നിർമാണം ആരംഭിച്ചത്. ഞങ്ങൾ ഈ കാർ ഡിവിഷൻ വാങ്ങുന്നത് നിങ്ങളോടു ചെയ്യുന്ന ഒരു ഔദാര്യമാണ്!”‐ ഇതായിരുന്നു ബിൽ ഫോർഡിൻ്റെ വാക്കുകൾ.

പൂർണമായും ഇന്ത്യയിൽ രൂപകൽപന ചെയ്തു നിർമിച്ച ആദ്യത്തെ തദ്ദേശീയകാർ എന്ന രത്തൻ ടാറ്റയുടെ സ്വപ്നത്തിൻ്റെ പേരായിരുന്നു ടാറ്റ ഇൻഡിക്ക. എന്നാൽ പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ആ സ്വപ്നത്തെ അടച്ചുപൂട്ടേണ്ടിവന്നു. കച്ചവടം ഇല്ലാത്തതായിരുന്നു കാരണം. സ്വന്തം ടീമിൻ്റെ മുന്നിൽ വച്ചു ഇങ്ങനെയൊരു അധിക്ഷേപം കേൾക്കേണ്ടിവന്ന രത്തൻ ടാറ്റ വിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. അന്നുതന്നെ മുംബൈയിലേക്കു മടങ്ങി. തോറ്റയിടത്തുനിന്നും തുടങ്ങാനായിരുന്നു തീരുമാനം.

അവിടുന്നങ്ങോട്ട് കാറുകൾകൊണ്ട് ടാറ്റ റോഡുകളെ കീഴടക്കാൻ തുടങ്ങി. ബിൽ ഫോർഡിനെ കണ്ട സംഘത്തിലുണ്ടായിരുന്ന പ്രവീൺ കാഡ്‌ലെയാണ്‌ 2015ൽ ഒരു അഭിമുഖത്തിൽ ഈ സംഭവം വിവരിച്ചത്‌.

കൃത്യം ഒമ്പതുവർഷത്തിനുശേഷം ഇതേ ഫോർഡിൻ്റെ രണ്ട്‌ പ്രമുഖ ബ്രാൻഡുകളായ ജാഗ്വറും ലാൻഡ് റോവറും ടാറ്റ വാങ്ങി. അതും 2.3 ബില്യൺ ഡോളറിന്‌. ഇന്ന്‌ ഇന്ത്യൻ വിപണിയിൽ ടാറ്റ കാറുകൾ തിളങ്ങുകയും ഫോർഡ്‌ പിൻവാങ്ങുകയും ചെയ്യുമ്പോൾ അതിൽ രത്തൻ ടാറ്റയുടെ നിശ്ചയദാർഡ്യം കാണാം.

Latest