cover story
ടാറ്റ എത്തി, അബുക്ക ഹാപ്പി!
ഇരുപത്തിയഞ്ചാം വയസ്സിൽ ടാറ്റാ സ്റ്റീൽസിൽ ജോലിയിൽ പ്രവേശിച്ചു കൊണ്ട് ടാറ്റാ ഗ്രൂപ്പിൽ ചേർന്നതിന് പിറകെ ബിസിനസ്സ് തുടക്കകാലങ്ങളിലൊന്നിൽ രത്തൻ ടാറ്റ കോഴിക്കോട് വരികയുണ്ടായി. 1976ലെ തന്റെ ജീവിതത്തിലെ ആ അവിസ്മരണീയ ദിനരാത്രങ്ങളെ കുറിച്ച് പറയുമ്പോൾ അബൂബക്കർ എന്ന എഴുപത്തിയഞ്ചുകാരന് ഇന്നും പതിനേഴിന്റെ ആവേശം. ടാറ്റ വന്നിറങ്ങിയ ആ ദിവസത്തെ ഓരോ സംഭവങ്ങളും നിമിഷങ്ങളും തിരശ്ശീലയിലെന്ന പോൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ തെളിയുന്നു. മനോഹരമായ ഒരു കഥ പറയും പോൽ അദ്ദേഹം അതേ കുറിച്ച് വാചാലനാകുന്നു.
കടലേഴും കടന്നുവന്ന ഏതൊരു ദേശത്തിന്റെയും വ്യാപാര നൗകകൾക്കത്രയും നങ്കൂരമിടാൻ പാകത്തിൽ പ്രവിശാലമായ അങ്ങാടിയും മനസ്സും തുറന്നു വെച്ച ഒരു നഗരമാണ് കോഴിക്കോട്. “സുഗന്ധവ്യഞ്ജനങ്ങളുടെ നഗര’മെന്ന് കേൾവി കേട്ട കോഴിക്കോടിന്റെ കച്ചവടത്തിന്റെ ചരിത്രവും പാരമ്പര്യവും അന്വേഷിച്ചു ചെന്നാൽ, ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കപ്പലിറങ്ങിയ അറബികളേയും 1498 ൽ ഈ തീരത്തെത്തി ചേർന്ന പോർച്ചുഗീസുക്കാരെയും കാണാം. പിന്നീടങ്ങോട്ട് രാജ്യത്തിന്റെ ലിഖിത ചരിതങ്ങളിൽ ഏതെല്ലാം ദേശക്കാർ എന്തിനെല്ലാം വന്നോ, അവരെല്ലാം, സ്‌നേഹം കൊണ്ട് വിരുന്നൂട്ടാനും അതിഥിയായി വന്നവനെ ആദരിച്ചാനയിക്കാനും മാത്രം ശീലിച്ച ഈ നാടിന്റെ അങ്ങാടിയിൽ, തങ്ങളുടെ ചരക്കിറക്കി.
ലോക കച്ചവട – കമ്പോളത്തിൽ ഇന്ത്യാ മഹാരാജ്യത്തിന്റെ കൊടി പാറിച്ച ഒരു കച്ചവടക്കാരനും തന്റെ തുടക്കകാലങ്ങളിലൊന്നിൽ ഈ നഗരത്തെ തേടിയെത്തിയിട്ടുണ്ട്. ഈയിടെ ഈ ലോകത്തോട് വിട പറഞ്ഞ രത്തൻ ടാറ്റ കോഴിക്കോട് നഗരത്തിൽ എത്തിച്ചേർന്ന കഥ, കച്ചവട രംഗത്ത് കാലെടുത്തു വെക്കുന്നവർക്ക് ഒരു ഉപപാഠമായി വായിക്കാവുന്നതാണ്.
ഇരുപത്തിയഞ്ചാം വയസ്സിൽ ടാറ്റാ സ്റ്റീൽസിൽ ജോലിയിൽ പ്രവേശിച്ചു കൊണ്ട് ടാറ്റാ ഗ്രൂപ്പിൽ ചേർന്നതിന് പിറകെ ബിസിനസ്സ് തുടക്കകാലങ്ങളിലൊന്നിൽ രത്തൻ ടാറ്റ കോഴിക്കോട് വരികയുണ്ടായി. 1976ലെ തന്റെ ജീവിതത്തിലെ ആ അവിസ്മരണീയ ദിനരാത്രങ്ങളെ കുറിച്ച് പറയുമ്പോൾ അബൂബക്കർ എന്ന എഴുപത്തിയഞ്ചുകാരന് ഇന്നും പതിനേഴിന്റെ ആവേശം. ടാറ്റ വന്നിറങ്ങിയ ആ ദിവസത്തെ ഓരോ സംഭവവും നിമിഷങ്ങളും കോഴിക്കോട് ഗാന്ധിറോഡിലെ വിന്നിംഗ് എന്ന വീട്ടിലിരുന്ന് അബുക്ക ഓർത്തെടുക്കുന്നു.
കണ്ണൂരിൽ നിന്ന് പതിനഞ്ചാം വയസ്സിൽ കോഴിക്കോട് എത്തിച്ചേർന്നതിന്റെ രണ്ടാം വർഷം പഠനത്തോടൊപ്പം തന്നെ സ്വന്തം നിലക്ക് ഓയിറ്റി റോഡിൽ ആരംഭിച്ച ഒറിയന്റൽ റേഡിയോസ് ആണ്, പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം കോഴിക്കോട് സിറ്റി സ്റ്റാൻഡിന് സമീപം റേഡിയോ വേൾഡ് എന്ന പേരിൽ പുനരാരംഭിച്ചതും പേരെടുത്തതും.
ബുഷ് റേഡിയോ, വെസ്റ്റേൺ, നെൽക്കോ തുടങ്ങി എഴുപതുകളിൽ വിപണി കീഴടക്കിയ, റേഡിയോയുടെ പര്യായമായി മാറിയിരുന്ന ലോകോത്തര ബ്രാൻഡുകളെല്ലാം മലബാർ മേഖലയിൽ ഏറ്റവും സുലഭമായി ലഭിച്ചിരുന്നത് റേഡിയോ വേൾഡിലായിരുന്നു. കോഴിക്കോട് ജില്ലക്ക് പുറത്ത് നിന്നും,ലക്ഷദ്വീപിൽ നിന്നുമെല്ലാം റേഡിയോ വാങ്ങാൻ ആളുകളെത്തിച്ചേർന്ന് പേരും പെരുമയും കൈവന്നപ്പോൾ അബൂബക്കർ എന്ന മനുഷ്യനെ എളുപ്പത്തിൽ തിരിച്ചറിയാൻ ആളുകൾ റേഡിയോ വേൾഡ് അബൂബക്കർ എന്ന് പരിചയപ്പെടുത്തി തുടങ്ങി.
വെസ്റ്റേൺ എന്ന കമ്പനിക്ക് പുറമെ ടാറ്റായുടെ കീഴിലുള്ള ടെൽക്കോയുടെയും അംഗീകൃത വിതരണക്കാരനായിരുന്ന റേഡിയോ വേൾഡ് അബൂബക്കറിനെ തേടിയാണ്, 1976ൽ രത്തൻ ടാറ്റ കോഴിക്കോടിന്റെ മണ്ണിലേക്ക് എത്തിച്ചേർന്നത്. ആദ്യമായും അവസാനമായും..! അരനൂറ്റാണ്ട് കാലത്തിനിപ്പുറം കാലയവനികക്കപ്പുറം മറയും വരേയ്ക്കും, പിന്നീടൊരിക്കലും ടാറ്റ കോഴിക്കോട് വന്നിട്ടില്ല.
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഇലക്്ട്രോണിക്സ് കമ്പനിയായ നാഷനൽ എൽക്കോയിൽ നിന്ന് നെൽക്കോ റേഡിയോയുടെ ഉടമസ്ഥാവകാശം 1940കളിൽ ടാറ്റാ ഏറ്റെടുത്ത് 22 വർഷങ്ങൾക്ക് ശേഷം ടാറ്റാ കമ്പനിയുടെ ഭരണസിരാ കേന്ദ്രങ്ങളിലേക്ക് കടന്നുവന്ന അന്നത്തെ 25ക്കാരൻ, പിന്നീടങ്ങോട്ട് ദീർഘവീക്ഷണമുള്ള കച്ചവട തന്ത്രങ്ങൾ കൊണ്ടും ആർദ്ര മനസ്‌കനായി മനുഷ്യപ്പറ്റു കൊണ്ടും തന്റെ കമ്പനിയുടെ യശസ്സ് വാനോളമുയർത്തിയതിന് പിന്നിലെ രഹസ്യങ്ങളിലൊന്ന്, കാതങ്ങൾക്കിപ്പുറം ഒരു കൊച്ചു നഗരത്തിലെ തന്റെ കച്ചവടക്കാരായ പ്രിയപ്പെട്ടവരെ കാണാനും ചേർത്തു പിടിക്കാനും നേരിട്ടെത്തിയ ഇത്തരം യാത്രകളുമാകാം.
തന്നെയും തന്റെ സ്ഥാപനവും മറ്റും നേരിൽ കാണാൻ ടാറ്റ വരുന്നു എന്ന അറിവ് അബൂബക്കറിൽ ഉണ്ടാക്കിയ അനുഭൂതി വാക്കുകൾക്കതീതം.അന്ന് അദ്ദേഹം അനുഭവിച്ച ആത്മഹർഷങ്ങളുടെ അനുസ്ഫുരണം ഇപ്പോൾ ആ കഥകൾ പറയുമ്പോഴും ആ മുഖത്ത് ബാക്കിയാണ്. കോഴിക്കോട് പട്ടണത്തിന്റെ തെരുവീഥികൾ വർണാഭമായ തോരണങ്ങളാൽ അലംകൃതമായി. പലയിടത്തും രത്തൻ ടാറ്റക്ക് സ്വാഗതം ഓതിയ പരസ്യ പ്പലകകൾ പ്രത്യക്ഷപ്പെട്ടു. കടക്കു മുന്നിൽ മണിക്കൂറുകൾക്ക് മുമ്പേ ആൾക്കൂട്ടങ്ങളും ആരവങ്ങളും കൊണ്ടു നിറഞ്ഞു. വരുമെന്ന് ഉറപ്പുണ്ടെങ്കിലും എത്താൻ വൈകുന്ന ഓരോ നിമിഷവും അബൂബക്കറിന്റെ നെഞ്ചിടിപ്പ് കൂടി.
ബാംഗ്ലൂരിൽ നിന്ന് തന്റെ സെക്രട്ടറി അടക്കം മൂന്നാല് പേരോടൊപ്പം രണ്ട് കാറുകളിലായി കോഴിക്കോട് നഗരത്തിലെത്തിച്ചേർന്ന ടാറ്റയും അന്ന്, കേൾവി കേട്ട ഈ നഗരത്തിന്റെ ആതിഥ്യ മര്യാദ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടാകണം. കച്ചവടത്തിന്റെ കൊടിക്കൂറ പാറിച്ചു കടന്നു വന്നവരെയെല്ലാം കൂടുതൽ ആദരവോടെ നെഞ്ചോട് ചേർത്തു വെച്ച് ശീലിച്ച ഈ നഗരം, അന്ന് ഏറെക്കുറെ നവാഗതനായ സുമുഖനായ ആ ചെറുപ്പക്കാരനെയും ഹൃദയം തൊട്ട സ്വാഗതഗീതികളാൽ വരവേറ്റു. പ്രത്യേകം ഇംഗ്ലീഷിൽ എഴുതിപ്പഠിച്ച വാക്കുകൾ കൊണ്ടു അബൂബക്കർ ടാറ്റക്ക് ഔദ്യോഗിക സ്വാഗതമോതി.
ഓരോന്നും പ്രത്യേകം പ്രത്യേകം ചോദിച്ചു മനസ്സിലാക്കിയ ടാറ്റ മണിക്കൂറുകളോളം സ്ഥാപനത്തിൽ ചെലവഴിച്ചു. ടാറ്റ, റേഡിയോ വേൾഡ് അബൂബക്കറിനെ കാണാൻ എത്തുന്നുണ്ടെന്നറിഞ്ഞ് കണ്ണൂർ, മലപ്പുറം തുടങ്ങി സമീപ മേഖലയിൽ ഉണ്ടായിരുന്ന കച്ചവടക്കാരെല്ലാം കോഴിക്കോട് എത്തിച്ചേർന്നു. ഓരോരുത്തരെയും വിശദമായി പരിചയപ്പെട്ടു, കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അവിടെ നടന്ന ഔപചാരിക പ്രഭാഷണങ്ങളെല്ലാം റെക്കോഡ് ചെയ്തു വീണ്ടും അദ്ദേഹത്തെ കേൾപ്പിച്ചതും സന്തോഷത്തോടെ അഭിനന്ദിച്ചതും വല്ലാത്ത ഒരിഷ്ടത്തോടെ ഇന്നും ഓർക്കുന്നു. സ്ഥാപനം ആരംഭിച്ചു കേവലം പത്ത് വർഷങ്ങൾ പിന്നിടുമ്പോഴേക്കും ഒരു ബ്രാൻഡിന്റെ, അതും രാജ്യ- രാജ്യന്തര തലത്തിലാകെയും വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ ചെയർമാൻ, തന്നെ നേരിട്ട് കാണാൻ തന്റെ നാട്ടിലേക്കും സ്ഥാപനത്തിലേക്കും കടന്നു വരുന്നു എന്നത് തന്നെ ഇരുപത്തേഴുകാരനായ ചെറുപ്പക്കാരന് അഭിമാനിക്കാൻ ഏറെ വക നൽകുന്നതാണ്. തന്റെ കച്ചവടമേഖലയിൽ പ്രകടിപ്പിച്ച താത്പര്യത്തിനും പ്രാവീണ്യത്തിനും എക്കാലവും എടുത്തു കാണിക്കാവുന്ന ഏറ്റവും മികച്ച ദൃഷ്ടാന്തവുമാണത്.
തന്റെ ഡീലർമാരോടൊത്ത് മണിക്കൂറുകളോളം ചെലവഴിച്ചു മടങ്ങാൻ ഒരുങ്ങിയ ടാറ്റ ആ രാത്രി ഈ നഗരത്തിലെ അന്ന് പേരെടുത്ത ഒരു ഹോട്ടലിലാണ് കഴിഞ്ഞത്. അത്താഴത്തിന് അബൂബക്കറിനെ നിർബന്ധപൂർവം ക്ഷണിച്ച് അവിടെ വെച്ച് തന്റെ ഔദ്യോഗിക വസതിയിലെ സ്വകാര്യ ഫോൺ നമ്പർ കൂടി നൽകി. വരണമെന്നും എന്താവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും വന്നാൽ വീടിന് മുന്നിലെ കാവൽക്കാരനോട് എന്തു പറയണമെന്നും വരെയും ചൊല്ലി ഏൽപ്പിച്ച ആ മനുഷ്യന്റെ എളിമ, കാലങ്ങൾക്കിപ്പുറം കമ്പനിയുടെ സമ്പാദ്യപെരുപ്പങ്ങൾക്കൊപ്പം കൂടിക്കൂടി വന്നതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല എന്നതും സത്യം.
അന്ന് ചെക്ക് ഷർട്ട് ധരിച്ച്, എച്ച് എം ടി വാച്ച് കെട്ടി തീർത്തും ഒരു സാധാരണക്കാരനെ പോലെ കടന്നു വന്ന ടാറ്റയോടൊപ്പം കഴിച്ചുകൂട്ടിയ മണിക്കൂറുകൾ യുഗങ്ങളോളം ഓർക്കാനുള്ളതുണ്ടെന്ന് അബുക്ക പറയുന്നു. കച്ചവടത്തേക്കാൾ ഏറെ മറ്റു വിശേഷങ്ങളും നർമങ്ങളും പറഞ്ഞു രസിക്കാനും ആസ്വദിക്കാനും സമയം നീക്കി വെച്ച ടാറ്റയെ കുറിച്ച് പറയാൻ അന്ന് അദ്ദേഹത്തോടൊപ്പം അവിടെ ചെലവഴിച്ച ഓരോരുത്തർക്കും ആയിരം നാവാണ്.
തന്റെ കച്ചവടക്കാരെയും അവരുടെ സ്ഥാപനങ്ങളും നേരിട്ട് കണ്ട് വിശേഷങ്ങൾ ചോദിച്ചറിയാൻ 1970കളിലെ പരിമിതമായ യാത്ര- താമസ സൗകര്യങ്ങൾ ഉപയോഗിച്ച് കിലോമീറ്ററുകൾ താണ്ടി കടന്നു വന്ന ഒരു കച്ചവടക്കാരൻ അവിടെ കഴിച്ചു കൂട്ടിയ നിമിഷങ്ങളത്രയും പറഞ്ഞതും ചോദിച്ചതും കേട്ടതുമെല്ലാം ബിസിനസ്സിനുമപ്പുറത്തെ സൗഹൃദങ്ങളും വിശേഷങ്ങളുമായിരുന്നു.
കച്ചവടത്തിലും കലയും ബന്ധങ്ങളും മാനുഷിക മൂല്യങ്ങളുമെല്ലാം ആവാമെന്നു തിരിച്ചറിയാൻ ടാറ്റയെ കുറിച്ച് കുറച്ചൊന്ന് അറിയാൻ ശ്രമിച്ചാൽ മതി., “കച്ചോടം വേറെ ബന്ധം വേറെ’ എന്ന് മലയാളീകരിച്ച “No sentiments No friendship’ എന്ന ആംഗലേയ പരസ്യവാചകം നാഴികക്ക് നാൽപ്പത് വട്ടം ഉരുവിട്ടും സ്ഥാപനത്തിന്റെയും തന്റെ തന്നെ മനസ്സിന്റെയും വാർനെറ്റിയിൽ അത് പതിച്ചു വെച്ചാലെ കച്ചവടത്തിൽ വിജയിക്കൂ എന്നും ഉള്ളേറ്റി നടക്കുന്നവർ, അത്തരമൊരു അബദ്ധധാരണ തിരുത്താൻ രത്തൻ ടാറ്റയോട് നേരിട്ട് ഇടപഴകിയ ആരോടെങ്കിലും അൽപ്പനേരം ആ അനുഭവമൊന്ന് പങ്കു വെക്കാൻ ശ്രമിച്ചാൽ മാത്രം മതിയാകും.
കാലാകാലങ്ങളിലായി സാമ്പത്തിക കണക്കെടുപ്പ് നടത്തി, ലോക ശതകോടീശ്വരൻമാരുടെ പേര് പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലൊന്നും പേര് കാണാതായ കാലത്ത്, അതേ കുറിച്ച് ചോദിച്ചപ്പോൾ രത്തൻ ടാറ്റ എന്ന ഇന്ത്യക്കാരൻ ലോകത്തിന് നൽകിയ മറുപടിയിലുണ്ട്, തന്റെ രാജ്യത്തെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും ആ മനുഷ്യൻ മനസ്സിൽ താലോലിച്ച കിനാവ് എന്താണെന്ന്..
“ഞാൻ കോടീശ്വരനാവുക എന്നതല്ല, എന്റെ രാജ്യം സ്വസ്ഥമായി വളരുക എന്നതാണ് എന്റെ സ്വപ്നം…!’
.