First Gear
സഫാരിക്ക് വില വര്‍ധിപ്പിച്ച് ടാറ്റ; പുതിയ ഡാര്‍ക്ക് എഡിഷനും ഒരുങ്ങുന്നു
സഫാരിയുടെ ഓട്ടോമാറ്റിക് വകഭേദങ്ങള്‍ക്ക് മാത്രമാണ് വില കൂട്ടിയിരിക്കുന്നത്.
ന്യൂഡല്‍ഹി| പരുക്കന്‍ ശൈലി ഉപേക്ഷിച്ച് ലൈഫ്-സ്‌റ്റൈല്‍ എസ്യുവിയായി രണ്ടാംവരവ് ആഘോഷമാക്കുകയാണ് ടാറ്റ സഫാരി. നെക്സോണിന്റെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ സഫാരിയുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്. സഫാരിയുടെ ഓട്ടോമാറ്റിക് വകഭേദങ്ങള്‍ക്ക് മാത്രമാണ് വില കൂട്ടിയിരിക്കുന്നത്. 2021 ഡിസംബറിലെ വില വര്‍ധനവ് 3,000 രൂപ മുതല്‍ 7,000 രൂപ വരെയാണ്. ടാറ്റ സഫാരി എക്‌സ്എംഎ മോഡലിന് ഇപ്പോള്‍ 3,000 രൂപ വര്‍ധിച്ച് 17.83 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ഇപ്പോള്‍ 20.15 ലക്ഷം രൂപ വിലയുള്ള എക്‌സ്ടിഎ പ്ലസ് വേരിയന്റിന് 7,000 രൂപ വര്‍ധിപ്പിച്ചതാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധന. ടാറ്റ സഫാരി മാനുവല്‍ പതിപ്പുകള്‍ക്ക് ഇപ്പോള്‍ 14.99 ലക്ഷം മുതല്‍ 21.89 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എസ് യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 17.80 ലക്ഷം മുതല്‍ 23.17 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.
ടാറ്റ മോട്ടോര്‍സിന്റെ ഡാര്‍ക്ക് എഡിഷന്‍ ശ്രേണി വിപുലീകരിക്കുന്നതിനായി സഫാരി ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ഈ വര്‍ഷം ആദ്യം ബ്രാന്‍ഡ് സഫാരി ഡാര്‍ക്ക് എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. മുന്‍നിര എസ് യുവിയുടെ ഡാര്‍ക്ക് എഡിഷന്‍ മോഡല്‍ 2022 ന്റെ ആദ്യ പാദത്തില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എസ് യുവിയുടെ ഡാര്‍ക്ക് എഡിഷന്‍ പൂര്‍ണമായും കറുപ്പിലായിരിക്കും ഒരുങ്ങുക.
168 ബിഎച്ച്പി കരുത്തില്‍ 350 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന ഫിയറ്റില്‍ നിന്നുള്ള അതേ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് സഫാരി ഡാര്‍ക്ക് എഡിഷനും തുടിപ്പേകുക. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാകും ജോടിയാക്കുക. ആറ് വരെ എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ചുറ്റും ഡിസ്‌ക് ബ്രേക്കുകള്‍, കോര്‍ണറിംഗ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ എന്നിവയാണ് സഫാരിയിലെ സുരക്ഷ സവിശേഷതകള്‍.
നിലവില്‍ അഡ്വഞ്ചര്‍ പേഴ്‌സണ, ഗോള്‍ഡ് എഡിഷന്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സഫാരി ലഭ്യമാവുക. ആദ്യത്തേത് ട്രോപ്പിക്കല്‍ മിസ്റ്റ് പെയിന്റ് സ്‌കീമില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. രണ്ടാമത്തേത് വൈറ്റ് ഗോള്‍ഡ്, ബ്ലാക്ക് ഗോള്‍ഡ് എന്നീ രണ്ട് കളര്‍ വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എസ് യുവി ലൈനപ്പില്‍ അഡ്വഞ്ചര്‍ പേഴ്‌സണയ്ക്കും സഫാരി ഗോള്‍ഡ് എഡിഷനും ഇടയില്‍ സഫാരി ഡാര്‍ക്ക് എഡിഷന്‍ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.