First Gear
നെക്‌സോണ്‍ ഇവിയുടെ വില വര്‍ധിപ്പിച്ച് ടാറ്റ
25000 രൂപയോളമാണ് വില കൂട്ടിയിരിക്കുന്നത്.
ന്യൂഡല്‍ഹി| ടാറ്റ മോട്ടോഴ്സ് നെക്‌സോണ്‍ ഇവിയുടെ വില വര്‍ധിപ്പിച്ചു. 25000 രൂപയോളമാണ് വില കൂട്ടിയിരിക്കുന്നത്. കമ്പനി അതിന്റെ ഉല്‍പ്പന്ന ശ്രേണിയിലെ മറ്റ് തിരഞ്ഞെടുത്ത മോഡലുകളുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ നെക്സോണ്‍ ഇവിയുടെ വേരിയന്റ് ലൈനപ്പിലുടനീളം 25,000 രൂപയുടെ ഏകീകൃത വില വര്‍ധനവ് ബാധകമാണ്. എക്‌സ് എം, എക്‌സ് ഇസെഡ് പ്ലസ്, എക്‌സ് ഇസെഡ് പ്ലസ് ലക്‌സ്, എക്‌സ് ഇസെഡ് പ്ലസ് ഡാര്‍ക്ക് എഡിഷന്‍, എക്‌സ് ഇസെഡ് പ്ലസ് ലക്‌സ് ഡാര്‍ക്ക് എഡിഷന്‍ എന്നിവയുള്‍പ്പടെ അഞ്ച് വേരിയന്റുകളില്‍ മോഡല്‍ നിലവില്‍ ലഭ്യമാണ്.
30.2കെഡബ്ല്യുഎച്ച് ബാറ്ററി പാക്കാണ് ടാറ്റ നെക്സോണ്‍ ഇവിയുടെ ഹൃദയം. പരമാവധി 125ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 245എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന് പുറമെ ടീല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് നിറങ്ങളില്‍ മോഡല്‍ വാഗ്ദാനം ചെയ്യുന്നു.
നെക്‌സോണ്‍ ഇവി എക്‌സ് എമ്മിന് 14.54 ലക്ഷം രൂപയും നെക്‌സോണ്‍ ഇവി എക്‌സ് ഇസെഡ് പ്ലസിന് 15.95 ലക്ഷം രൂപയുമാണ് വില. നെക്‌സോണ്‍ ഇവി എക്‌സ് ഇസെഡ് പ്ലസ് ലക്‌സിന് 16.95 ലക്ഷം രൂപ നല്‍കണം. നെക്‌സോണ്‍ ഇവി എക്‌സ് ഇസെഡ് പ്ലസ് ഡാര്‍ക്ക് എഡിഷന് 16.29 ലക്ഷം രൂപയും നെക്‌സോണ്‍ ഇവി എക്‌സ് ഇസെഡ് പ്ലസ് ലക്‌സ് ഡാര്‍ക്ക് എഡിഷന് 17.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വിലയായി നല്‍കേണ്ടത്.
2020 ജനുവരിയിലാണ് ടാറ്റ നെക്‌സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. തുടക്കം മുതല്‍ വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനം 2020 ജനുവരിയില്‍ ലോഞ്ച് ചെയ്തതിന് ശേഷം ഇന്ത്യയില്‍ 13,500 യൂണിറ്റുകള്‍ വിറ്റഴിച്ചതായി 2022 ജനുവരിയില്‍ ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. നെക്‌സോണ്‍ ഇവി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ് യുവിയാണ്.