First Gear
ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയ്ക്ക് കൈകോര്‍ത്ത് ടാറ്റ ടെക്നോളജീസും ബിഎംഡബ്ല്യുവും
അന്തിമ കരാര്‍ ഒപ്പിടലും അംഗീകാരവും ഉടനുണ്ടാകും.
ന്യൂഡല്‍ഹി| ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതില്‍ കൈകോര്‍ത്ത് ടാറ്റ ടെക്നോളജീസും ബിഎംഡബ്ല്യുവും. ഇരുവരും തുല്യപങ്കാളിത്തത്തില്‍ ബിഎംഡബ്ല്യു ടെക്വര്‍ക്ക്‌സ് ഇന്ത്യ (ജെവി) രൂപീകരിച്ചു. സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് വാഹനങ്ങള്‍ (SDV), ഓട്ടോമേറ്റഡ് ഡ്രൈവിംഗ്, AI ആപ്ലിക്കേഷനുകള്‍, നെക്സ്റ്റ്-ജെന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, ബിസിനസ് ഐടി സൊല്യൂഷനുകള്‍ എന്നിവയിലെ വികസനമാണ് സഹകരണത്തിലെ ലക്ഷ്യം.
ആദിത്യ ഖേരയെ സിഇഒ ആയും ശ്വേത ഗിരിനാഥം സിഎഫ്ഒ ആയും ബിഎംഡബ്ല്യു ടെക്വര്‍ക്ക്‌സ് ഇന്ത്യ മാനേജ്മെന്റ് ടീമില്‍ ഉള്‍പ്പെടുത്തും. ബിഎംഡബ്ല്യുവിന്റെ ഭാഗത്ത് നിന്ന് ഒലിവര്‍ ഷെയ്ക്കല്‍ ഓട്ടോമോട്ടീവ് സോഫ്റ്റ്വെയറിന്റെ സിഒഒ സ്ഥാനം ഏറ്റെടുക്കും. സ്റ്റെഫാന്‍ ഫ്‌ലേഡര്‍ ബിസിനസ് ഐടിയുടെ സിഒഒ ആയി പ്രവര്‍ത്തിക്കും. പൂനെ, ബെംഗളുരു, ചെന്നൈ എന്നിവിടങ്ങളില്‍ ബിഎംഡബ്ല്യു ടെക്വര്‍ക്ക് ഓഫീസുകള്‍ സ്ഥാപിക്കും. അന്തിമ കരാര്‍ ഒപ്പിടലും അംഗീകാരവും ഉടനുണ്ടാകും. തുടക്കത്തില്‍ 100 ജീവനക്കാരാണുണ്ടാവുക. 2025 അവസാനത്തോടെ ജീവനക്കാരുടെ എണ്ണം ആയിരത്തിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
കാര്‍ നിര്‍മ്മാതാവിന്റെ ഉല്‍പ്പാദന ശൃംഖല, ഉപഭോക്തൃ യാത്ര, വില്‍പ്പന പ്രക്രിയകള്‍ എന്നിവയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് സംഭാവന നല്‍കുന്ന ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ബിസിനസ് ഐടി സൊല്യൂഷനുകളിലും ബിഎംഡബ്ല്യു ടെക്വര്‍ക്ക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസ് പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള AI ആപ്ലിക്കേഷനുകളുടെയും പ്ലാറ്റ്ഫോമുകളുടെയും വികസനമാണ് മറ്റൊരു പ്രധാന ഗവേഷണ മേഖല. പ്രാദേശിക എഞ്ചിനീയറിംഗ് പ്രതിഭകളെ നിയമിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹകരണം മുന്‍ഗണന നല്‍കും.