Connect with us

First Gear

ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളുടെ അവതരണം ജനുവരിയില്‍

ടാറ്റയുടെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ, ടിഗോര്‍ എന്നിവയുടെ പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| മാരുതി സുസുക്കി, ഹ്യുണ്ടായ് എന്നീ രണ്ട് കമ്പനികള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്ക് ടാറ്റ മോട്ടോഴ്സും വരുന്നു. ടാറ്റ മോട്ടോഴ്സ് ഇപ്പോള്‍ കമ്പനിയുടെ ആദ്യത്തെ സിഎന്‍ജി വാഹനങ്ങളായ ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവ 2022 ജനുവരിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റയുടെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ, ടിഗോര്‍ എന്നിവയുടെ പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കമ്പനി ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയുടെയും ടിഗോറിന്റെയും പരീക്ഷണ പതിപ്പുകളെ നിരവധി അവസരങ്ങളില്‍ നിരത്തുകളില്‍ കണ്ടിട്ടുണ്ട്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയ്ക്കും ടിഗോറിനും സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ സ്‌റ്റൈലിംഗ് മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ, ടാറ്റ അവരുടെ ഏത് ട്രിമ്മിലാണ് സിഎന്‍ജി കിറ്റ് അവതരിപ്പിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. നിലവില്‍, ടിയാഗോയ്ക്കും ടിഗോറിനും കരുത്തേകുന്നത് 86 എച്ച്പിയും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ്. സിഎന്‍ജി പതിപ്പുകള്‍ ഒരേ എഞ്ചിന്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ, ടിഗോര്‍ എന്നിവയ്ക്കൊപ്പം മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സിഎന്‍ജി പതിപ്പുകള്‍ മാനുവല്‍ മാത്രമായിരിക്കും. രണ്ട് മോഡലുകളുടെയും പുറംഭാഗത്ത് മറ്റ് ശ്രേണിയില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ രണ്ട് സിഎന്‍ജി ബാഡ്ജുകളും ഉണ്ടായിരിക്കുമെന്നാണ് സൂചന.

അടുത്തകാലത്തായി സിഎന്‍ജി വാഹനങ്ങള്‍ക്ക് രാജ്യത്ത് പ്രിയമേറുന്നതായാണ് വാഹനലോകത്തെ കണക്കുകള്‍. നിലവിലെ ഉയര്‍ന്ന പെട്രോള്‍ വില കണക്കിലെടുത്ത് പല ഉപഭോക്താക്കളും പ്രത്യേകിച്ച് സിഎന്‍ജി എളുപ്പത്തില്‍ ലഭ്യമായ നഗരങ്ങളില്‍ താമസിക്കുന്നവര്‍ സിഎന്‍ജി വാഹനങ്ങള്‍ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.