Connect with us

Business

ഇവിയിൽ കുതിക്കാൻ ടാറ്റ; 2030ൽ 30% വിൽപ്പന ലക്ഷ്യം

രാജ്യത്തെ ഇവി വിപണിയിൽ ഏറ്റവും കൂടുതൽ വിഹിതമുള്ളത്‌ ടാറ്റയ്‌ക്കാണ്‌.

Published

|

Last Updated

ബംഗളൂരു | ഇലക്‌ട്രിക്‌ വാഹനവിൽപ്പന ഓരോ വർഷവും കുതിച്ചുയരുകയാണ്‌. 2030 ആകുമ്പോഴേക്കും മൊത്തം വാഹന വിൽപ്പനയുടെ 20 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ആയിരിക്കുമെന്നാണ്‌ വാഹനലോകം പ്രതീക്ഷിക്കുന്നത്‌. ഈ സാഹചര്യം ഉപയോഗശപ്പടുത്താനുള്ള ശ്രമത്തിലാണ്‌ ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

2030 ആകുമ്പോഴേക്കും മൊത്തം വിൽപ്പനയുടെ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തിടെ സമാപിച്ച ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ന്‍റെ ഭാഗമായി, ടാറ്റ മോട്ടോഴ്‌സിന്‍റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ​​ശ്രീവത്സ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഇവി വിപണിയിൽ ഏറ്റവും കൂടുതൽ വിഹിതമുള്ളത്‌ ടാറ്റയ്‌ക്കാണ്‌. വിൽക്കുന്ന ഇവി വാഹനങ്ങളിൽ 62 ശതമാനവും ടാറ്റയുടേതാണ്‌. 2024 ൽ 61,496 ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ആണ്‌ ടാറ്റ വിറ്റത്‌. 2023ൽനിന്ന്‌ രണ്ട്‌ ശതമാനമാണ്‌ വർധനവ്‌. അതേസമയം എംജി ടാറ്റയ്‌ക്ക്‌ വെല്ലുവിളിയായി ഒപ്പമുണ്ട്‌. 2024 ഡിസംബറിൽ ടാറ്റ മോട്ടോഴ്‌സിനെ മറികടന്ന് എംജി കൂടുതൽ ഇവി വാഹനങ്ങൾ വിറ്റു. 7,516 യൂണിറ്റ് വിൻഡ്‌സർ ഇവിയാണ് എംജി മോട്ടോർ ഇന്ത്യ വിറ്റഴിച്ചത്.

ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിറ്റാര എന്നിവയുടെ ലോഞ്ചോടെ, ടാറ്റ മോട്ടോഴ്‌സ് കൂടുതൽ കടുത്ത മത്സരം നേരിടേണ്ടിവരും. 2026 ഓടെ ഇന്ത്യയിൽ രണ്ട് പുതിയ മാസ്-മാർക്കറ്റ് ഇവികൾ അവതരിപ്പിക്കാൻ കിയ ഇന്ത്യയും പദ്ധതിയിടുന്നു.

നിലവിൽ കർവ്‌, നെക്‌സോൺ, പഞ്ച്‌, ടിഗർ, ടിയാഗോ എന്നിവയാണ്‌ ടാറ്റയുടേതായി പുറത്തിറങ്ങിയ ഇവി കാറുകൾ. അതേസമയം ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ടാറ്റ സിയറ ഐസിഇ കൺസെപ്റ്റും അവതരിപ്പിച്ചു. ഇതിനുശേഷം ഒരു ഇവി ഡെറിവേറ്റീവും കമ്പനിയുടെ പദ്ധതിയിലുണ്ട്‌.

Latest