നോമ്പോർമ
ഭുവനേശ്വറിലെ റമസാന്‍ കാലം പഠിപ്പിച്ചത്
വിശുദ്ധ റമസാനിലെ നോമ്പ് വളരെ ചെറുപ്പത്തിൽ തന്നെ എടുത്ത് ശീലിച്ചിരുന്നു. അക്കാലത്തെ ഒരുപാട് അനുഭവങ്ങളുണ്ടങ്കിലും 1990ലെ ഭൂവനേശ്വറിലെ റമസാൻ നോന്പുകാലം ജീവിതത്തില്‍ എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണ്. നോന്പ് കൊണ്ട് ഉദ്ദേശിക്കുന്ന പലതും ജീവിതത്തില്‍ അനുഭവിക്കാനായി എന്നതാണ് ആ ഓര്‍മകള്‍ തങ്ങിനില്‍ക്കാന്‍ കാരണം.
1984ൽ ഹൈസ്‌കൂൾ അധ്യാപകനായി സർവീസിൽ കയറി അഞ്ച് വർഷം ആകുമ്പോഴാണ് ബംഗാളി ഭാഷയിൽ ഡിപ്ലോമ ബിരുദം എടുക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാറിന്റെ കീഴിൽ ഭൂവനേശ്വറിലുള്ള ഈസ്റ്റേൺ ലാംഗ്വേജ് സെന്ററിലേക്ക് പോകുന്നത്. പുതിയഭാഷ പഠിക്കുന്നതോടൊപ്പം അവിടുത്തെ സംസ്‌കാരങ്ങളൊക്കെ അറിയുകയും വിവിധ സ്ഥലങ്ങൾ കാണുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തിരിച്ചത്.
എന്നാൽ അവിടെ എത്തിയപ്പോൾ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. ഒഡീഷ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലായിരുന്നെങ്കിലും വൃത്തിഹീനമായ സ്ഥലങ്ങളും തീരെ പരിചിതമല്ലാത്ത സംസ്‌കാരങ്ങളും. സർക്കാർ ഡെപ്യൂട്ടേഷനിൽ പോയതുകൊണ്ട് തിരിച്ചുപോരാനും കഴിയാത്ത അവസ്ഥ.
എനിക്ക് നിശ്ചയിക്കപ്പെട്ട ഹോസ്റ്റലിൽ ഞാനൊഴികെ മറ്റെല്ലാവരും അസാമുകാരായിരുന്നു. ഹോസ്റ്റലിലെ ഭക്ഷണം ഒരിക്കലും നമുക്ക് പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തതായിരുന്നു.
അതുകൊണ്ട് സ്വയം പാചകം ചെയ്യൽ ആരംഭിച്ചു. പാചക കലയിൽ മുൻപരിചയമില്ലാത്തത് കൊണ്ട് കഞ്ഞിയും ഓംലെറ്റും ചായയും ബ്രെഡുമായിരുന്നു മിക്ക ദിവസങ്ങളിലേയും വിഭവങ്ങൾ. ഇന്നത്തെ പോലെ യൂട്യൂബിൽ നോക്കിയോ വീട്ടിലേക്ക് വിളിച്ച് ചോദിച്ച് സംശയം തീര്‍ത്ത് പാചകം ചെയ്യാന്‍ സാധിക്കാത്ത കാലം.
പള്ളിയാണെങ്കിൽ കുറച്ച് അകലെയായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ ജുമുഅക്ക് മാത്രമാണ് പള്ളിയിൽ പോയിരുന്നത്. അവിടുത്തെ അവസ്ഥയും വളരെ ദയനീയമായിരുന്നു. അതിനിടയിലാണ് വിശുദ്ധ റമസാൻ കടന്നുവന്നത്. നാട്ടിലേക്ക് പോരാൻ വേണ്ടി ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാത്തത് കാരണം അവിടെ തന്നെ കഴിയേണ്ടി വന്നു. വളരെയധികം പ്രയാസം നേരിട്ട നോമ്പുകാലമായിരുന്നു അത്.രാത്രി കഞ്ഞിയോ ചോറോ ഉണ്ടാക്കിവെച്ച് പുലർച്ചെ കഴിക്കാറായിരുന്നു പതിവ്. നോമ്പ് തുറക്കുന്ന സമയത്ത് ബ്രഡും ഓംലെറ്റും തന്നെയായിരുന്നു പലപ്പോഴും ഉണ്ടായിരുന്നത്.
ചില സമയത്ത് ഉപ്പുമാവും പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ ഒരു മാസക്കാലം പൂർണമായും വളരെ പ്രയാസപ്പെട്ടാണ് ആ വർഷത്തെ നോമ്പ് കഴിച്ചുകൂട്ടിയത്. ഇന്ന് വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോൾ 32 വർഷം മുമ്പത്തെ ആ റമസാൻ കാലം ഓർക്കാതിരിക്കാൻ കഴിയില്ല.
തയ്യാറാക്കിയത്
വി പി എം സാലിഹ്