National
വിദേശത്ത് ആസ്തിയുള്ള നികുതിദായകര്‍ വിവരങ്ങള്‍ ജനുവരി 15 നകം വെളിപ്പെടുത്തണം; സമയപരിധി കഴിഞ്ഞാല്‍ 10 ലക്ഷം രൂപ പിഴ
ലേറ്റ് ഫീയോടു കൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് ജനുവരി 15 ന് അവസാനിക്കുക.
തിരുവനന്തപുരം | വിദേശത്ത് ആസ്തിയുള്ള നികുതിദായകര്‍, അവരുടെ ആസ്തികളെ കുറിച്ചും വരുമാനത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 15 ന് അവസാനിക്കും. ഈ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്തില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴയടയ്‌ക്കേണ്ടതായി വരും.
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വൈകിയതും പുതുക്കിയതുമായ ഐ ടി ആറുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ആദായനികുതി വകുപ്പ് നേരത്തെ 2024 ഡിസംബര്‍ 31 ആക്കിയിരുന്നു. എന്നാല്‍ ഇത് പിന്നീട് 2025 ജനുവരി 15 വരെയാക്കി നീട്ടുകയായിരുന്നു. ലേറ്റ് ഫീയോടു കൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.
ഇന്ത്യന്‍ ആദായ നികുതി നിയമം 1961 പ്രകാരം, താമസക്കാര്‍ അവരുടെ വിദേശ ആസ്തികളും വരുമാനവും അവരുടെ ഐ ടി ആറില്‍ റിപോര്‍ട്ട് ചെയ്യണം. വരുമാനം, നികുതി നല്‍കേണ്ട പരിധിക്ക് താഴെയാണെങ്കിലും അല്ലെങ്കില്‍ നിലവില്‍ വെളിപ്പെടുത്തിയ ഫണ്ടുകള്‍ ഉപയോഗിച്ച് വിദേശ ആസ്തി നേടിയാലും ഈ നിയമം ബാധകമാണ്.