Kerala
തസ്മിദ് തംസു ഇപ്പോഴും കാണാമറയത്ത് തന്നെ; കന്യാകുമാരിയിലെ തിരച്ചിലിലും നിരാശ
കുട്ടിയെ കണ്ടെന്ന കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസിന് സ്ഥിരീകരിക്കാനായില്ല.
തിരുവനന്തപുരം | കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാതായി 30 മണിക്കൂറുകള്‍ പിന്നിടുമ്പോഴും വ്യ്ക്തമായ സൂചനകളില്ലാതെ പോലീസ് കുഴങ്ങുകയാണ്. കന്യാകുമാരി എക്‌സ്പ്രസില്‍ കയറിയ തസ്മിദ് പിന്നെ എങ്ങോട്ട് പോയെന്ന് വ്യക്തമല്ല. കുട്ടിയെ കണ്ടെന്ന കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസിന് സ്ഥിരീകരിക്കാനായില്ല. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും വിഫലമായി. പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലും പോലീസ് അന്വേഷണം നടത്തുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ സഹയാത്രക്കാരി പകര്‍ത്തിയിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ഥിനി പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നത്.
കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്യാകുമാരി റെയില്‍വേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകള്‍ ഒന്നും കിട്ടിയില്ല. കുട്ടി തന്റെ അടുക്കല്‍ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കുട്ടിയെ കണ്ടെത്താനായി തമിഴിലും ഇംഗ്ലീഷിലും എഴുതിയ പോസ്റ്റര്‍ പോലീസ് പുറത്തിറക്കിയിട്ടുണ്ട്.