National
ടിഡിപിയും ജെഡിയുവും ചോദിക്കുന്നത് സുപ്രധാന വകുപ്പുകൾ; ബിജെപിക്ക് കീറാമുട്ടിയായി വകുപ്പ് വിഭജനം
പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വിട്ടുനൽകില്ലെന്ന നിലപാടിലുറച്ച് ബിജെപി
ന്യൂഡൽഹി | കേവല ഭൂരിപക്ഷം ലഭിക്കാതെ മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബിജെപിനേതൃത്വത്തിലുള്ള എൻ ഡി എ സർക്കാറിന് കീറാമുട്ടിയായി മന്ത്രിസഭാ വിഭജനം. സർക്കാർ രൂപവത്കരണത്തിൽ നിർണായകമായ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയും (ടിഡിപി) നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡും (ജെഡിയു) വലിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിസഭയിൽ സുപ്രധാന സ്ഥാനങ്ങൾ ഇവർ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വിട്ടുനൽകില്ലെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് ബിജെപി.
യഥാക്രമം 16, 12 സീറ്റുകൾ കൈവശം വച്ചിരിക്കുന്ന ടിഡിപിയും ജെഡിയുവും തങ്ങൾക്ക് ഇഷ്ടപ്പെട്ട വകുപ്പുകൾ ലഭിക്കാനായി കരുനീക്കങ്ങൾ സജീവമാക്കി. പ്രാഥമിക ചർച്ചകളുടെ അടിസ്ഥാനത്തിൽ നാല് എംപിമാർക്ക് ഒരു മന്ത്രി വേണമെന്നാണ് സഖ്യകക്ഷികൾ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് ടിഡിപി നാല് കാബിനറ്റ് ബെർത്തുകളും ജെഡിയു മൂന്ന് ബർത്തുകളുമാണ് ആവശ്യപ്പെടുന്നത്. കൂടാതെ, 7 സീറ്റുകളുള്ള ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അഞ്ച് സീറ്റുള്ള ചിരാഗ് പാസ്വാൻ്റെ എൽജെപിയും രണ്ട് മന്ത്രിസ്ഥാനങ്ങൾ വീതവും പ്രതീക്ഷിക്കുന്നു.
ചന്ദ്രബാബു നായിഡു ലോക്‌സഭാ സ്പീക്കർ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ബിജെപി തയ്യാറല്ല. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ടിഡിപി ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
കഴിഞ്ഞ രണ്ട് ടേമുകളിൽ നിന്ന് വ്യത്യസ്തമായി കേവല ഭൂരിപക്ഷം നേടാതെയാണ് ബിജെപി അധികാരത്തിൽ തുടരുന്നത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമെന്നിരിക്കെ 240 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. 32 സീറ്റുകളുടെ കുറവാണ് പാർട്ടി നേരിടുന്നത്. ഇതോടെ സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കഴിയാത്ത ബിജെപി ആദ്യമായി സഖ്യസർക്കാറിന് രൂപം നൽകാനാണ് ശ്രമിക്കുന്നത്. ടിഡിപി, ജെഡിയു, ശിവസേന (ഏകനാഥ് ഷിൻഡെ), ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എന്നിവർ ചേർന്ന് 40 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയുടെ കീഴിൽ നേരത്തെ പ്രവർത്തിച്ച രണ്ട് മന്ത്രിസഭകളിലും ബിജെപി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയിരുന്നു. അതിനാൽ തന്നെ ഈ രണ്ട് മന്ത്രിസഭകളിലും എൻഡിഎ സഖ്യകക്ഷികൾക്ക് പ്രധാന ക്യാബിനറ്റ് സ്ഥാനങ്ങൾ നൽകിയിരുന്നില്ല. പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം എന്നിവയ്ക്ക് പുറമെ, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമം, യുവജനകാര്യം, കൃഷി എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളും തങ്ങളുടെ പക്കൽ നിലനിർത്താൻ ബിജെപി ആഗ്രഹിക്കുന്നു. ദരിദ്രർ, സ്ത്രീകൾ, യുവജനങ്ങൾ, കർഷകർ എന്നിങ്ങനെ നാല് സുപ്രധാന വോട്ടർ ഗ്രൂപ്പുകൾക്കുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഈ പോർട്ട്ഫോളിയോകൾ പ്രധാനമാണെന്നാണ് പാർട്ടി കരുതുന്നത്.
കൂടാതെ, മുൻ എൻഡിഎ സർക്കാരുകളുടെ കാലത്ത് റെയിൽവേയിലും റോഡ് ഗതാഗതത്തിലും വൻ പരിഷ്കാരങ്ങൾ നടപ്പാക്കിയതായി ബിജെപി അവകാശപ്പെടുന്നു. സഖ്യകക്ഷികൾക്ക് ഈ വകുപ്പുകൾ നൽകി പരിഷ്കരണങ്ങളുടെ വേഗത കുറയ്ക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. റെയിൽവേ പരമ്പരാഗതമായി സഖ്യകക്ഷികളോടൊപ്പമാണ് നിലകൊണ്ടിരുന്നത്. ബി ജെ പി അത് തങ്ങളുടെ ഡൊമെയ്‌നിലേക്ക് തിരികെ കൊണ്ടുവന്നത് വളരെയധികം പരിശ്രമിച്ചാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പഞ്ചായത്തിരാജ്, ഗ്രാമവികസന മന്ത്രാലയങ്ങൾ ജെഡിയുവിനും സിവിൽ ഏവിയേഷൻ, സ്റ്റീൽ തുടങ്ങിയ വകുപ്പുകൾ ടിഡിപിക്കും നൽകുന്ന കാര്യം ബിജെപി പരിഗണിച്ചേക്കും. ഘനവ്യവസായത്തിൻ്റെ ചുമതല ശിവസേനയ്ക്ക് നൽകാനിടയുണ്ട്. ധനം, പ്രതിരോധം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളിൽ എൻഡിഎ സഖ്യകക്ഷികളെ സഹമന്ത്രിമാരായി നിയമിക്കാമെന്ന ഉറപ്പാണ് ഇപ്പോൾ ബിജെപി നൽകുന്നത്.
ടൂറിസം, എംഎസ്എംഇ, നൈപുണ്യ വികസനം, ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമ ശാസ്ത്രം, സാമൂഹിക നീതി, ശാക്തീകരണം തുടങ്ങിയ മന്ത്രാലയങ്ങളും സഖ്യകക്ഷികൾക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്. ചന്ദ്രബാബു നായിഡു ലോക്‌സഭാ സ്പീക്കർ പദവിയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ബിജെപി ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.