Connect with us

Kerala

അധ്യാപികയുടെ ആത്മഹത്യ: സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപോര്‍ട്ട്

വിദ്യാഭ്യാസ വകുപ്പിന്റെ റിപോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി

Published

|

Last Updated

കോഴിക്കോട് | കട്ടിപ്പാറയില്‍ കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കല്‍ അലീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ താമരശ്ശേരി രൂപതയുടെ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കാട്ടി
വിദ്യാഭ്യാസ വകുപ്പിന്റെ റിപോര്‍ട്ട്. മാനേജ്മെന്റിന്റെ വാദങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പ് റിപോര്‍ട്ടില്‍ തള്ളുന്നു. മാനേജ്‌മെന്റ് ശരിയായ നടപടി സ്വീകരിച്ചാല്‍ മാത്രമേ സ്ഥിരനിയമനം നല്‍കാനാകൂവെന്ന്് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി.

വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നാണ് വീഴ്ചപറ്റിയതെന്നായിരുന്നു മാനേജ്മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം.

അതിനിടെ, അലീനയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി കാണാന്‍ നിരവധിപേരാണെത്തിയത്.

ലക്ഷങ്ങള്‍ നല്‍കി എയ്ഡഡ് സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്താണ് അധ്യാപികയായ അലീന ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയില്‍ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തിരുന്നു. അലീന കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. അലീന സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പ്രധാനാധ്യാപകന്‍ പിതാവിനെ വിളിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest