Connect with us

Socialist

അധ്യാപകരുടെ അധികാരമേൽക്കോയ്മയും ആദരവും

ഇത് അധ്യാപകരെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയങ്ങളിൽ ഒന്നാണ്.

Published

|

Last Updated

ധ്യാപകരുടെ അധികാര ഗർവിനെ വകവെച്ചുകൊടുക്കേണ്ട കാര്യം വിദ്യാർഥികൾക്കില്ലെന്ന് ഡോ.ജിനേഷ് പി എസ്. കുടിവെള്ളത്തിന് വൃത്തിയില്ല എന്ന പരാതി പറയാൻ ചെന്ന വിദ്യാർഥികളെ അധ്യാപകർ ഇരിക്കാൻ സമ്മതിച്ചില്ലെന്നും നിലവിലുള്ള വെള്ളം തന്നെ ഉപയോഗിച്ചാൽ മതി എന്നും പറഞ്ഞുവെന്നുള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് വിമർശം. ബഹുമാനമൊക്കെ നല്ല പെരുമാറ്റത്തിലൂടെ മാത്രം ലഭിക്കുന്ന ഒന്നാണ്. അധികാരം കൊണ്ട് അത് ലഭിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഇത് അധ്യാപകരെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയങ്ങളിൽ ഒന്നാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

മുൻപ് കോട്ടയം മെഡിക്കൽ കോളേജിൽ റസിഡൻറായി ജോലി ചെയ്ത കാലം, അതായത് പിജിക്കാലം.

പ്രിൻസിപ്പളിനോട് സംസാരിക്കാൻ ചെന്നാൽ മുമ്പിൽ ഇരിക്കുന്ന കസേരകളിൽ ഇരിക്കാൻ പറയില്ല. നിന്നുകൊണ്ട് സംസാരിക്കണം. അതാണത്രേ രീതി!
പക്ഷേ മുമ്പിൽ കിടക്കുന്ന കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് മാത്രമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ. ഇരിക്കാൻ മടിയുള്ളവരോട് പ്രിൻസിപ്പളിനെ കാണാൻ വരുന്നവർക്ക് ഇരിക്കാൻ വേണ്ടി സർക്കാർ പണിതിട്ടിരിക്കുന്ന കസേരയാണ് എന്ന് പറഞ്ഞ് ഞങ്ങൾ തന്നെ നിർബന്ധിച്ച് ഇരുത്തുമായിരുന്നു.
പറഞ്ഞുവന്നത് അധ്യാപകരുടെ അധികാരമേൽക്കോയ്മയെ കുറിച്ചാണ്.
ഇന്ന് മനോരമ ന്യൂസിൽ കണ്ട ഒരു വാർത്തയുണ്ട്.
കുടിവെള്ളത്തിന് വൃത്തിയില്ല എന്ന പരാതി പറയാൻ ചെന്ന വിദ്യാർത്ഥികളെ ഇരിക്കാൻ സമ്മതിച്ചില്ല, മാത്രമല്ല നിലവിലുള്ള വെള്ളം തന്നെ ഉപയോഗിച്ചാൽ മതി എന്നും പറഞ്ഞു. കൂടാതെ പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറി എന്നും പരാതിയുണ്ട്.
വ്യക്തിപരമായ അനുഭവത്തിന്റെ കൂടി വെളിച്ചത്തിൽ ചില പൊതുവായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്.
അധികാരം ലഭിക്കുമ്പോൾ ചില അധ്യാപകരുടെ വിചാരം അവരുടെ ഓഫീസും സൗകര്യങ്ങളും ഒക്കെ സ്വന്തം തറവാട്ട് വകയാണ് എന്നാണ്. ആ അധികാരം സ്വന്തം വീട്ടിൽ കാണിച്ചാൽ മതി എന്ന് തന്നെ മറുപടി പറയേണ്ടിവരും. അധ്യാപകരാണ്, ബഹുമാനിക്കണം എന്നൊക്കെ കരുതി കുനിഞ്ഞുനിന്നാൽ എന്നും അത് തന്നെയേ പറ്റൂ.

കോളേജുകളും വിദ്യാലയങ്ങളും വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സ്ഥാപനങ്ങളാണ് എന്ന് മനസ്സിലാക്കാത്ത ഊളകളെ ബഹുമാനിക്കേണ്ട ഒരു കാര്യവുമില്ല. ബഹുമാനമൊക്കെ നല്ല പെരുമാറ്റത്തിലൂടെ മാത്രം ലഭിക്കുന്ന ഒന്നാണ്. അധികാരം കൊണ്ട് അത് ലഭിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഇത് അധ്യാപകരെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയങ്ങളിൽ ഒന്നാണ്.

Latest