National
യുപിയില്‍ അധ്യാപികയെ മുന്‍കാമുകന്‍ തീകൊളുത്തി കൊന്നു
അധ്യാപികയുടെ വിവാഹം ഉറപ്പിച്ചശേഷം യുവാവ് തീ കൊളുത്തി കൊല്ലുകയായിരുന്നു.
ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ അധ്യാപികയെ മുന്‍കാമുകന്‍ തീകൊളുത്തി കൊന്നു. അധ്യാപികയുടെ വിവാഹം ഉറപ്പിച്ചശേഷം യുവാവ് തീ കൊളുത്തി കൊല്ലുകയായിരുന്നു. ചന്ദോക സ്വദേശി വികാസ് യാദവാണ് കൃത്യം ചെയ്തത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതിയ്ക്ക് സ്‌കൂള്‍ വിട്ട് വരുന്ന വഴിയാണ് ആക്രമണമുണ്ടായത്.
പ്രതി യുവതി വരുന്ന വഴിയില്‍ പെട്രോളുമായി കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. ശരീരമാകെ പൊള്ളലേറ്റ യുവതി സമീപത്തുള്ള ഗോതമ്പ് പാടത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും രക്ഷപെടാനായില്ല. ആക്രമണത്തില്‍ പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പ്രതി ആശുപ്രതിയില്‍ ചികിത്സയിലാണ്.
ഇരുവരും ഒരേ സ്‌കൂളിലെ അധ്യാപകരായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വികാസ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതിനിടെ യുവതിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. താന്‍ വിവാഹം കഴിച്ചാലും യുവതി വിവാഹിതയാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു പ്രതിയ്ക്ക്. തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.