National
കുട്ടിയെ അധ്യാപിക തല്ലിച്ച സംഭവം: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്ത് യുപി പോലീസ്
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനാണ് നടപടി.
ലക്നൗ | മുസാഫർനഗർ സ്കൂളിൽ മർദനത്തിനിരയായ കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് ആൾട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിനെതിരെ ഉത്തർപ്രദേശ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനാണ് നടപടി.
സുബൈർ തന്റെ എക്സ് (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) അക്കൗണ്ടിൽ മർദനത്തിന്റെ വീഡിയോ പങ്കിട്ടിരുന്നു. അതിൽ ഇരയായ വിദ്യാർത്ഥിയുടെയും തല്ലിയ മറ്റു കുട്ടികളുടെയും വ്യക്തമായ ചിത്രങ്ങൾ കാണിച്ചിരുന്നു. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതിന് ശേഷമാണ് മുസാഫർനഗർ പോലീസ് നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഉന്നത ബാലാവകാശ സംഘടനയായ എൻസിപിസിആർ നേരത്തെ കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് സുബൈർ തന്റെ എക്സ് അക്കൗണ്ടിൽ നിന്ന് കുട്ടിയുടെ ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എൻസിപിസിആർ നിർദേശത്തെ തുടർന്നാണ് ചിത്രം ഡിലീറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.