Connect with us

editorial

അധ്യാപക ദിനവും മുസഫര്‍നഗര്‍ സംഭവവും

ഉത്തര്‍ പ്രദേശ് മുസഫര്‍നഗറിലെ ഒരു വിദ്യാലയത്തില്‍ വംശീയ വിദ്വേഷത്തിന്റെ പേരില്‍ ഒരു അധ്യാപിക, മുസ്‌ലിം വിദ്യാര്‍ഥിയെ ഇതര മതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി ഉടലെടുത്ത പ്രതിഷേധത്തിനിടെയാണ് ഈ വര്‍ഷത്തെ അധ്യാപക ദിനം കടന്നു പോകുന്നത്.

Published

|

Last Updated

അറിവിന്റെ വെളിച്ചം പകരുകയും ജീവിതത്തിന് ഊടുംപാവും നെയ്യാന്‍ സഹായിക്കുകയും ചെയ്ത ഗുരുക്കന്മാര്‍ക്കുള്ള ദിനമാണ് സെപ്തംബര്‍ അഞ്ച്. അധ്യാപകര്‍ക്ക് ആദരവര്‍പ്പിക്കുക, സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെ ഓര്‍ക്കുക, അധ്യാപകരുടെ സാമൂഹിക, സാമ്പത്തിക പദവികള്‍ ഉയര്‍ത്തുക, അവരുടെ കഴിവുകള്‍ പരമാവധി വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് ഉപയോഗിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് അധ്യാപക ദിനാചരണത്തിന് ആഹ്വാനം നല്‍കിയ യുനെസ്‌കോ ഇതിന്റെ ലക്ഷ്യങ്ങളായി എണ്ണുന്നത്.

“ഗുരു’ എന്ന പദം സംസ്‌കൃതത്തിലെ “ഗു’, “രു’ എന്നീ വാക്കുകളില്‍ നിന്നാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു. “ഗു’ എന്നാല്‍ അജ്ഞതയുടെ അന്ധകാരമെന്നും “രു’ എന്നാല്‍ അറിവിന്റെ പ്രകാശമെന്നുമാണ് വ്യാഖ്യാനം. ഇതനുസരിച്ച് അന്ധകാര രൂപിയായ അജ്ഞതയില്‍ നിന്ന് അറിവിന്റെ പ്രകാശത്തിലേക്ക് ശിഷ്യരെ നയിക്കുന്നവരാണ് ഗുരുക്കള്‍. അധ്യാപക ജോലിയുടെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്നു ഈ വ്യാഖ്യാനം. “മറ്റെല്ലാറ്റിലുമുപരി അധ്യാപകനായി അറിയപ്പെടുന്നതിലാണ് എനിക്ക് കൂടുതല്‍ ഇഷ്ട’മെന്ന്, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നിങ്ങനെ നിരവധി മേഖലയില്‍ തിളങ്ങിയ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം പറയാന്‍ കാരണവും ഇതായിരിക്കണം. കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കുന്നവരാണ് അവരെ ഉത്പാദിപ്പിക്കുന്നവരേക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതെന്ന അരിസ്റ്റോട്ടിലിന്റെ വാക്കുകളും അധ്യാപകവൃത്തിയുടെ മഹത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് മുന്‍ തലമുറ കാണിച്ചു തന്നത്.

പാഠപുസ്തകത്തിലെ വിവരങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല അധ്യാപകന്റെ കടമ. ശിഷ്യരെ സത്പാന്ഥാവിലേക്ക് വഴിനടത്തുക, വ്യക്തിത്വ വികസനം തുടങ്ങി സുപ്രധാനമായ ഉത്തരാദിത്വങ്ങളുണ്ട് അവര്‍ക്ക്. ജീവിതത്തിലെ സങ്കീര്‍ണമായ പല സാഹചര്യങ്ങളും നേരിടാന്‍ അധ്യാപകരുടെ വിലയേറിയ ഉപദേശങ്ങള്‍ നമ്മില്‍ പലരുടെ ജീവിതത്തിലും ഏറെ ഉപകാരപ്പെട്ടിരിക്കും. ജീവിതയാത്രയില്‍ വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറി ഉന്നതങ്ങള്‍ കീഴടക്കിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പിന്നിട്ട വഴികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്റെ അധ്യാപകരെ സ്മരിക്കുന്നത് പതിവാണ്. ശിഷ്യരെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ചവര്‍, ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ വിശന്നു വലഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ചോറും കറിയും നല്‍കി വിശപ്പകറ്റിയവര്‍, അസംബ്ലിയില്‍ വെയില്‍ കൊണ്ട് തലചുറ്റി വീഴുന്ന വിദ്യാര്‍ഥികളെ പരിചരിക്കുകയും വീട്ടില്‍ കൊണ്ടു വിടുകയും ചെയ്തവര്‍- നന്മയുടെ ആല്‍മരങ്ങളായ ഇത്തരം അധ്യാപകരെ എങ്ങനെ വിസ്മരിക്കാനാകും. രാഷ്ട്ര നിര്‍മാണത്തിലും പങ്കുണ്ട് അധ്യാപക സമൂഹത്തിന്.

ലോകം ഏറെ മാറിക്കഴിഞ്ഞു. വിജ്ഞാന വിസ്‌ഫോടനത്തിന്റെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും നാനോ ടെക്‌നോളജിയുടെയും അനിയന്ത്രിത വളര്‍ച്ചയുടെ കാലമാണിത്. എങ്കിലും അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിലുള്ള പങ്ക് ഇപ്പോഴും നിര്‍ണായകമാണ്. ക്ലാസ്സ് മുറിയില്‍ നിന്നും വിദ്യാലയ മുറ്റത്ത് നിന്നും അത്ര സുഖകരമല്ലാത്ത വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ലഹരിയെന്ന മാരക വിപത്തും അസാന്മാര്‍ഗിക പ്രവണതകളും കലാലയങ്ങളെ വല്ലാതെ ഗ്രസിച്ച വേളയാണിത്. അധ്യാപക സമൂഹം ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് അവരുടെ മുമ്പിലുള്ളത്.

ഉത്തര്‍ പ്രദേശ് മുസഫര്‍നഗറിലെ ഒരു വിദ്യാലയത്തില്‍ വംശീയ വിദ്വേഷത്തിന്റെ പേരില്‍ ഒരു അധ്യാപിക, മുസ്‌ലിം വിദ്യാര്‍ഥിയെ ഇതര മതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി ഉടലെടുത്ത പ്രതിഷേധത്തിനിടെയാണ് ഈ വര്‍ഷത്തെ അധ്യാപക ദിനം കടന്നു പോകുന്നത്. കിഴക്കന്‍ ഡല്‍ഹി ഗാന്ധിനഗറിലെ ബാല്‍ സ്‌കൂളില്‍ നിന്ന് കഴിഞ്ഞ ദിവസം സമാനമായൊരു സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ഹേമ ഗുലാത്തിയെന്ന അധ്യാപികയാണ്, മുസ്‌ലിം വിദ്യാര്‍ഥികളോട് വിഭജന സമയത്ത് നിങ്ങളുടെ കുടുംബം എന്തുകൊണ്ട് പാക്കിസ്ഥാനിലേക്ക് പോയില്ലെന്ന് ചോദിക്കുകയും സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തത്. വിശുദ്ധ ഖുര്‍ആന്‍, കഅ്ബ തുടങ്ങിയവയെ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ക്കു മുമ്പാകെ മോശം പരാമര്‍ശം നടത്തി അവര്‍. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. മതാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവും വിഭാഗീയതയും സൃഷ്ടിക്കാനും ന്യൂനപക്ഷ വിഭാഗങ്ങളെ വിശേഷിച്ചും മുസ്‌ലിംകളെ അന്യവത്കരിക്കാനും രാജ്യദ്രോഹികളായി ചിത്രീകരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ രാജ്യത്തെ വിദ്യാലയങ്ങളില്‍ വ്യാപകമായി നടന്നു വരുന്നുണ്ട്.

വിദ്യാഭ്യാസത്തെ വിമോചനത്തിനുള്ള ഉപാധിയായാണ് ദാര്‍ശനികര്‍ കണ്ടത്. സാംസ്‌കാരിക ജീര്‍ണതകളില്‍ നിന്നും മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന വര്‍ഗീയ, വംശീയ ചിന്തകളില്‍ നിന്നുമുള്ള മോചനം. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹിഷ്ണുതയുമാണ് വളര്‍ന്നു വരേണ്ടത്. ഇതിനു സഹായകമായ അധ്യാപനവും പെരുമാറ്റവും സമീപനവുമായിരിക്കണം അധ്യാപകരില്‍ നിന്നുണ്ടാകേണ്ടത്. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം മാതൃകാ പുരുഷനാണ് അധ്യാപകരെന്നിരിക്കെ കരുതലോടെയായിരിക്കണം അവരുടെ ഇടപെടലുകള്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ സാഹോദര്യ ബോധവും സൗഹൃദവും സഹിഷ്ണുതയും വളര്‍ത്താന്‍ സഹായകമായിരിക്കണം അധ്യാപനം. ജാതി, വര്‍ഗീയ ചിന്തകളില്‍ നിന്ന് സംസ്‌കൃതമായ മനസ്സും അനുകരണീയമായ ജീവിത രീതിയുമായിരിക്കണം അവരുടെ കൈമുതല്‍.