Connect with us

editorial

അധ്യാപകരും ബാലാവകാശങ്ങളും

പോക്‌സോ നിയമവും ബാലാവകാശ കമ്മീഷനും ഡമോക്ലസിന്റെ വാളുകള്‍ പോലെ തൂങ്ങിക്കിടക്കുന്നുണ്ട് ഇന്ന് അധ്യാപക സമൂഹത്തിന്റെ തലക്കു മുകളില്‍. അച്ചടക്കം ലംഘിക്കുന്ന കുട്ടികള്‍ക്ക് നേരെ അധ്യാപകന്‍ കണ്ണുതുറിച്ചൊന്ന് നോക്കുന്നത് പോലും ബാലനീതിയുടെ ലംഘനമായി കുറ്റപ്പെടുത്തുന്ന പ്രവണത.

Published

|

Last Updated

സഹപാഠികളുടെ ക്രൂരമായ ആക്രമണത്തില്‍ താമരശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ശഹബാസ് കൊല്ലപ്പെട്ടതിനു പിന്നാലെ, ക്ലാസ്സില്‍ അധ്യാപകന്‍ വടിയെടുക്കാന്‍ പാടില്ലെന്ന നിയമം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ അനുസരണക്കേട് കാണിക്കുമ്പോള്‍ ശിക്ഷിക്കാന്‍ അധ്യാപകന് അനുമതിയില്ലാത്തതാണ് കുട്ടികള്‍ വഴിതെറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതികളായ വിദ്യാര്‍ഥികളെ പാര്‍പ്പിച്ച വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ ബുധനാഴ്ച പ്രതിഷേധവുമായി എത്തിയ ഒരു റിട്ട. അധ്യാപിക മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളെ ശിക്ഷിക്കാന്‍ അധികാരമില്ലെങ്കില്‍ അവര്‍ നന്നാകില്ലെന്ന് തന്റെ അനുഭവത്തെ മുന്‍നിര്‍ത്തി അഭിപ്രായപ്പെടുകയുണ്ടായി.

അടുത്തിടെയായി സാമൂഹിക മാധ്യമങ്ങളിലെ അധ്യാപക ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച ചര്‍ച്ച സജീവമാണ്. “അധികാരങ്ങളും അവകാശങ്ങളുമില്ലാത്ത, ഉത്തരവാദിത്വങ്ങള്‍ മാത്രം പേറേണ്ട കോമാളി വേഷമാണ് അധ്യാപകന്റേത്. കുട്ടികള്‍ തമ്മില്‍ തല്ലുന്നത് കണ്ടാലും വഴിതെറ്റിപ്പോകുന്നത് കണ്ടാലും പഠിച്ചാലും പഠിച്ചില്ലെങ്കിലും കോപ്പിയടിച്ചാലും സ്‌കൂള്‍ തല്ലിപ്പൊളിക്കുന്നത് കണ്ടാലും കരണം മറിഞ്ഞാലും… കാതും കണ്ണും അടച്ച് ഒരു ഗൂഢസ്മിതത്തോടെ ശമ്പളം എണ്ണിനോക്കി വീട്ടില്‍ പോയാല്‍ മതി’ എന്നായിരുന്നു അധ്യാപക ഗ്രൂപ്പില്‍ കണ്ട ഒരു പോസ്റ്റ്. “അധ്യാപകര്‍ക്ക് ചൂരല്‍ തിരിച്ചു കൊടുക്കൂ, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കൂ’ തുടങ്ങിയ അഭിപ്രായങ്ങളും സജീവം.

കുട്ടികളില്‍ അച്ചടക്കലംഘനമോ അരുതായ്മകളോ കണ്ടാല്‍ അധ്യാപകന്‍ ശിക്ഷിക്കുന്ന രീതിയാണ് മുന്‍കാലങ്ങളില്‍. ന്യായമായ ശിക്ഷ അധ്യാപകന്റെ അവകാശമായി ഗണിക്കപ്പെട്ടിരുന്നു. നന്നായി വളരാന്‍ കുട്ടിയെ അടിച്ചു പഠിപ്പിക്കണമെന്ന് രക്ഷിതാക്കള്‍ അധ്യാപകരോട് ആവശ്യപ്പെടുന്ന സ്ഥിതി വിശേഷം പോലുമുണ്ടായിരുന്നു. സത്ഗുണങ്ങളെന്ന പോലെ സഹജമായ ദുര്‍ഗുണങ്ങളും ഒളിഞ്ഞിരിപ്പുണ്ട് മനുഷ്യ മനസ്സുകളില്‍. സത്ഗുണങ്ങളെ പ്രോത്സാഹിപ്പിച്ചും ദുര്‍ഗുണങ്ങളെ തുടച്ചു നീക്കിയുമാണ് കുട്ടികളെ വളര്‍ത്തേണ്ടത്. മനുഷ്യനെ മനുഷ്യനാക്കി വളര്‍ത്തിയെടുക്കലാണല്ലോ യഥാര്‍ഥ വിദ്യാഭ്യാസം. അതാണ് ശിക്ഷണം. ശിക്ഷണത്തില്‍ ശിക്ഷയുണ്ട്. അതൊഴിവാക്കാന്‍ പറ്റില്ലെന്നാണ് വിദ്യാഭ്യാസ വിചക്ഷണരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം. ഒന്നേയുള്ളൂവെങ്കില്‍ ഉലക്ക കൊണ്ട് അടിച്ചു വളര്‍ത്തണമെന്ന പഴമക്കാരുടെ മൊഴിയും ശിക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ശിക്ഷാ നടപടികളില്ലാതെ വളരുന്ന തലമുറ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനും അഭിമുഖീകരിക്കാനും കഴിവില്ലാത്തവരായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പോക്‌സോ നിയമവും ബാലാവകാശ കമ്മീഷനും ഡമോക്ലസിന്റെ വാളുകള്‍ പോലെ തൂങ്ങിക്കിടക്കുന്നുണ്ട് ഇന്ന് അധ്യാപക സമൂഹത്തിന്റെ തലക്കു മുകളില്‍. അച്ചടക്കം ലംഘിക്കുന്ന കുട്ടികള്‍ക്ക് നേരെ അധ്യാപകന്‍ കണ്ണുതുറിച്ചൊന്ന് നോക്കുന്നത് പോലും ബാലനീതിയുടെ ലംഘനമായി കുറ്റപ്പെടുത്തുന്ന പ്രവണത. അധ്യാപകന്‍ കുട്ടികളെ ഗുണദോഷിച്ചതിന്റെ പേരില്‍ പോലും ചൈല്‍ഡ് ലൈനും ബാലാവകാശ കമ്മീഷനും ഇടപെടുന്ന സ്ഥിതിവിശേഷം. വയനാട് ജില്ലയിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ ചെറിയ രീതിയില്‍ ശാസിച്ച ഒരു അധ്യാപികക്ക് അടുത്ത ദിവസം ക്ലാസ്സിലെത്തിയപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്നത് തന്നെ അന്വേഷിച്ചു വന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയാണ്. അധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്ന വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയത്. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ കുട്ടിയെ ഉപദേശിച്ച് തിരിച്ചുപോയി. കേസായില്ലെങ്കിലും വിദ്യാര്‍ഥികളുടെ മുമ്പില്‍ കുറ്റവാളിയെ പോലെ നില്‍ക്കേണ്ടി വന്നതിനെ ചൊല്ലി ഈ അധ്യാപിക എത്രമാത്രം മാനസിക പീഡനം അനുഭവിച്ചിരിക്കും.

സഹപാഠിയെ ഉപദ്രവിച്ചതിന് ശാസിക്കപ്പെട്ട കുട്ടി, “മാഷേ, എനിക്ക് ചൈല്‍ഡ് ലൈന്‍ നമ്പര്‍ അറിയാട്ടോ’ എന്ന് പറഞ്ഞു വിരട്ടിയ അനുഭവം ഒരു അധ്യാപകന്‍ സാമൂഹിക മാധ്യത്തില്‍ പങ്കുവെക്കുകയുണ്ടായി. ഒരു വിദ്യാര്‍ഥിയെയും ശാരീരികമായോ മാനസികമായോ വേദനിപ്പിക്കരുതെന്നും വേദനിപ്പിച്ചാല്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിലും പറയുന്നു. കുട്ടികളെ ശിക്ഷിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ഈയൊരു സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ എത്ര ഗുരുതര അച്ചടക്ക ലംഘനം കണ്ടാലും ഉപദേശിക്കാനും ഗുണദോഷിക്കാനും അധ്യാപകര്‍ വിമുഖത കാണിക്കുകയാണ്.

ന്യായമായ കാരണത്താൽ അധ്യാപകന്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ബാലാവകാശ ലംഘനമാകില്ലെന്ന് ഇതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതാണ്. കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനായും കുട്ടികളെ ശിക്ഷിക്കാന്‍ അധ്യാപകര്‍ക്ക് അധികാരമുണ്ടെന്നും ക്ലാസ്സ് പരീക്ഷയില്‍ ഒരു വിദ്യാര്‍ഥിയുടെ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകന്‍ ശിക്ഷിച്ച കേസില്‍ 2024 ജൂലൈയില്‍ ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്നെ, വ്യക്തിവികാസത്തിന്റെയും വിദ്യാലയത്തിലെ അച്ചടക്കത്തിന്റെയും ഭാഗമായി അവരെ ശിക്ഷിക്കാനുള്ള അധികാരം രക്ഷിതാക്കള്‍ അധ്യാപകന് പരോക്ഷമായി നല്‍കുന്നുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍. പെട്ടെന്നുള്ള ദേഷ്യത്തില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം മര്‍ദിക്കുന്നത് മാത്രമാണ് ബാലാവകാശ ലംഘനം.

സാഹചര്യവും ശിക്ഷയുടെ ആഴവും രീതിയും കണക്കിലെടുത്തേ ഇത്തരം കാര്യങ്ങളില്‍ കേസ് എടുക്കാവൂ- കോടതി തുടര്‍ന്നു പറഞ്ഞു. ക്ലാസ്സ് മുറിയില്‍ അച്ചടക്കം ഉറപ്പ് വരുത്തുന്നതിന് വിവേകപൂര്‍വമായ തോതില്‍ ബലം പ്രയോഗിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ടെന്നും ദുരുദ്ദേശ്യപരമല്ലാത്ത ബലപ്രയോഗം ക്രിമിനല്‍ കുറ്റമാകില്ലെന്നും 2022 ഫെബ്രുവരിയില്‍ മറ്റൊരു വിധിപ്രസ്താവത്തിലും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Latest