Kerala
അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് പണിമുടക്കും
വില്ലേജ്, താലൂക്ക് ഓഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചേക്കും
തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചേക്കും.പ്രതിപക്ഷ സര്‍വീസ് സംഘടന കൂട്ടായ്മയായ സെറ്റോ, സിപിഐ സംഘടന ജോയിന്റ് കൗണ്‍സില്‍ എന്നിവയാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്
സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീലുകളിലും രാവിലെ പണിമുടക്കിനു ആഹ്വാനം ചെയ്ത സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ അടക്കം പ്രഖ്യാപിച്ചു. ഓഫീസുകള്‍ക്ക് പോലീസ് സംരക്ഷണവും നല്‍കും.
അതേസമയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐയുടെ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ നടത്തുന്ന സമരം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം