Connect with us

Ongoing News

മുട്ടിലിൽ പിടിച്ചെടുത്ത ഈട്ടി, തേക്ക് മരങ്ങള്‍ നശിച്ചുതീരുന്നു

231 ക്യുബിക് മീറ്റര്‍ ഈട്ടിയും പുത്തന്‍കുന്നില്‍ നിന്നു മുറിച്ച 18.75 ക്യുബിക് മീറ്റര്‍ തേക്കുമാണ് ഡിപ്പോയിൽ കിടന്ന് നശിക്കുന്നത്

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ റവന്യൂ പട്ടയഭൂമികളില്‍ നിന്നു അനധികൃതമായി മുറിച്ചതിനെത്തുടര്‍ന്ന് വനം, റവന്യൂ വകുപ്പുകള്‍ പിടിച്ചെടുത്ത ഈട്ടി, തേക്ക് തടികള്‍ നശിച്ചുതീരുന്നു. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്നു വനം വകുപ്പ് പിടിച്ചെടുത്ത ഈട്ടിയും നൂല്‍പ്പുഴ വില്ലേജിലെ പുത്തന്‍കുന്നിനു സമീപം സ്വകാര്യഭൂമിയില്‍നിന്നു റവന്യൂ അധികൃതര്‍ കസ്റ്റഡിയിലെടുത്ത തേക്കുമാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കുപ്പാടിയിലെ സര്‍ക്കാര്‍ ടിമ്പര്‍ ഡിപ്പോയില്‍ മഴയും വെയിലുമേറ്റ് നശിക്കുന്നത്.

മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയും പുത്തന്‍കുന്നില്‍ നിന്നു മുറിച്ച 18.75 മീറ്റര്‍ തേക്കുമാണ് ഡിപ്പോയിലുള്ളത്. 2021 ജൂണിലാണ് ഈ തടികള്‍ കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. മഴകൊണ്ടും വെയിലേറ്റ് വിള്ളലുകള്‍ രൂപപ്പെട്ടും നിറം മങ്ങിയും ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികളുടെ ഗുണനിലവാരം അനുദിനം കുറയുകയാണ്. വ്യത്യസ്തമല്ല തേക്കിന്റെ സ്ഥിതിയും.

റവന്യൂ പട്ടയഭൂമികളില്‍ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് വനം, പോലീസ് വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്നു അനധികൃതമായി ഈട്ടികള്‍ മുറിച്ചതിന് വനം വകുപ്പ് 47 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചിച്ചതിനടക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. പിടിച്ചെടുത്ത ഈട്ടിത്തടികളുടെ ഡി എന്‍ എ പരിശോധനാഫലം ലഭിക്കാത്തതാണ് കുറ്റപത്ര സമര്‍പ്പണം വൈകുന്നതിനു കാരണമെന്ന് അറിയുന്നത്.

മുറിച്ച ഈട്ടിമരങ്ങളുടെ പ്രായം കണക്കാക്കുന്നതിനാണ് തടികളുടെ സാംപിള്‍ തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ ഡി എന്‍ എ പരിശോധനക്ക് അയച്ചത്. കുറ്റപത്ര സമര്‍പ്പണം വൈകുന്നത് പ്രതികള്‍ക്ക് സഹായകമാകുമെന്നാണ് നിയമരംഗത്തുള്ളവരുടെ അഭിപ്രായം.
1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യൂ പട്ടയഭൂമിയെന്ന് അറിയപ്പെടുന്നത്. ഓരോ സ്ഥലത്തെയും വീട്ടിയും തേക്കുമടക്കം റിസര്‍വ് മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിയാണ് പട്ടയം അനുവദിച്ചത്. റവന്യൂപട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. റവന്യൂ പട്ടയഭൂമികളില്‍ നിന്നു പിടിച്ചെടുത്ത തടികള്‍ 2020 ഒക്ടോബര്‍ 24ലെ ഉത്തരവ് പ്രകാരം മുറിച്ചെടുക്കാന്‍ അനുവാദം ഉള്ളതാണെന്ന വാദം കേസുകളിലെ പ്രതികളില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രായം കണക്കാക്കുന്നതിന് തടികളുടെ സാംപിള്‍ ഡി എന്‍ എ പരിശോധനയ്ക്കു വിട്ടത്.

റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ് മരങ്ങളുടെ ഉടമാവകാശത്തിനു കൈവശക്കാരുടെ കൂട്ടായ്മ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെ 2020 മാര്‍ച്ചില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിപത്രം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തു ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, വെള്ള അകില്‍, തേമ്പാവ്, കമ്പകം, ചടച്ചി, ഇരുള്‍, ചന്ദനവേമ്പാവ് തുടങ്ങിയ വൃക്ഷങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു പരിപത്രം. തൃശൂരിലെ പരിസ്ഥിതി സംഘടനയുടെ റിട്ട് ഹരജിയില്‍ ഹൈക്കോടതി പരിപത്രം സ്‌റ്റേ ചെയ്തു. ഇതിനെതിരെ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹരജിയില്‍ പട്ടയം അനുവദിച്ചശേഷം സ്ഥലത്തു സ്വയം കിളിര്‍ത്തതും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ മരങ്ങള്‍ കൈവശക്കാര്‍ക്കു അവകാശപ്പെട്ടതാണെന്നു ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2020 നവംബര്‍ 24നു റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയത്. മരം മുറി വിവാദമായതോടെ പരിപത്രവും ഉത്തരവും 2021 ഫെബ്രുവരി രണ്ടിനു സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പരിപത്രവും ഉത്തരവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് മരംമുറി വിഷയം സി ബി ഐയ്ക്കു വിടണമെന്ന പൊതുതാത്പര്യ ഹരജിയില്‍ 2021 സെപ്റ്റംബര്‍ ഒന്നിനും ഇടുക്കി മറയൂരില്‍ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ജനുവരി അഞ്ചിനും
ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃത മരംമുറിയുമായ ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന ആക്ഷേപം ചില കോണുകളില്‍ ഉയരുന്നുണ്ട്. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ എത്ര ഉന്നതരാണെങ്കിലും നിയമത്തിനു മുന്നില്‍ നിര്‍ത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മരം മുറിക്കു ഒത്താശ ചെയ്ത റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ആരും കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. അനധികൃതമെന്ന് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടും മരംമുറി തടയുന്നതിനു നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാരില്‍ ചിലര്‍ വിമുഖത കാട്ടിയിരുന്നു.

1971ലെ വന നിയമത്തിലെ സെക്ഷന്‍ 61(എ) പ്രകാരം സൗത്ത് വയനാട് ഡി എഫ് ഒയാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ കണ്ടുകെട്ടി കുപ്പാടിയിയിലെ സര്‍ക്കാര്‍ ഡിപ്പോയിലേക്കു മാറ്റിയത്. വനം വകുപ്പിന്റെ പ്രഥമിക കണക്കനുസരിച്ചു ഏകദേശം 8.5 കോടി രൂപയാണ് കണ്ടുകെട്ടിയ മരങ്ങളുടെ വില.

---- facebook comment plugin here -----

Latest