Ongoing News
ടി ട്വന്റി പരമ്പരയും തൂത്തുവാരി ടീം ഇന്ത്യ; മൂന്നാം അങ്കത്തില്‍ 17 റണ്‍സ് വിജയം
കൊല്‍ക്കത്ത | വിന്‍ഡീസിനെതിരായ ടി ട്വന്റി പരമ്പരയും തൂത്തുവാരി ഇന്ത്യ. മൂന്നാം അങ്കത്തില്‍ സന്ദര്‍ശകരെ 17 റണ്‍സിന് തോല്‍പ്പിച്ചാണ് നേട്ടം. ഇതോടെ രോഹിത് ശര്‍മയുടെ നായകത്വത്തില്‍ ഏകദിന, ടി ട്വന്റി പരമ്പരകളില്‍ ടീം ഇന്ത്യ സമ്പൂര്‍ണ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 184 റണ്‍സ് നേടിയപ്പോള്‍ ഒമ്പത് വിക്കറ്റുകള്‍ ബലികഴിക്കേണ്ടി വന്ന വിന്‍ഡീസ് 167 റണ്‍സിലൊതുങ്ങി. ടി ട്വന്റിയില്‍ ഇന്ത്യ തുടര്‍ച്ചയായി നേടുന്ന ഒമ്പതാമത്തെ വിജയം കൂടിയാണിത്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സൂര്യകുമാര്‍ യാദവ് കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.
47 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. റൊമാരിയോ ഷെപ്പേര്‍ഡ് 29 ഉം റോവ്്മാന്‍ പവല്‍ 25 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹര്‍, വെങ്കടേഷ് അയ്യര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
നേരത്തേ, സൂര്യകുമാര്‍ യാദവിന്റെയും (31 പന്തില്‍ 65) വെങ്കടേഷ് അയ്യരുടെയും (19 പന്തില്‍ പുറത്താകാതെ 35) വെടിക്കെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാര്‍ ഒരു ബൗണ്ടറിയും ഏഴ് സിക്സറും നേടി. വെങ്കടേഷ് നാല് ബൗണ്ടറിയും രണ്ട് സിക്സറും പറത്തി. അഞ്ചാം വിക്കറ്റില്‍ 37 പന്തില്‍ 91 റണ്‍സാണ് സഖ്യം വാരിയത്. ഇഷാന്‍ കിഷന്‍ 31 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 34 റണ്‍സെടുത്തു.
ഇടവേളക്ക് ശേഷം ടീമിലെത്തിയ ഋതുരാജ് ഗെയ്ക്വാദ് (നാല്), നായകന്‍ രോഹിത് ശര്‍മ (ഏഴ്) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നന്നായി തുടങ്ങിയ ശ്രേയസ് അയ്യര്‍ 16 പന്തില്‍ 25 റണ്‍സ് നേടി.
ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ആവേശ് ഖാന്‍ എന്നിവരാണ് കളിച്ചത്. ആവേശ് ഖാന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. പരമ്പര നേട്ടത്തോടെ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ഐ സി സി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.