Connect with us

Kerala

കണ്ണീർ വാതകം, ജലപീരങ്കി; യുദ്ധക്കളമായി തിരുവനന്തപുരം കോർപറേഷൻ പരിസരം; മേയർ രാജിവെക്കില്ലെന്ന് സിപിഎം

യൂത്ത് കോൺഗ്രസ്, മഹിളാ കോണഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് കോർപറേഷൻ കവാടത്തിൽ പ്രതിഷേധിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കത്ത് വിവാദത്തിൽ യുദ്ധക്കളമായി തിരുവനന്തപുരം കോർപ്പറേഷൻ പരിസരം. കോർപറേഷന് മുന്നിൽ തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുകയാണ്. യൂത്ത് കോൺഗ്രസ്, മഹിളാ കോണഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് കോർപറേഷൻ കവാടത്തിൽ പ്രതിഷേധിക്കുന്നത്.

മേയറുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടാകാൻ കാരണമായി. സംഘർഷത്തിൽ ഏതാനും പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടൊപ്പം നടന്ന മഹിളാ കോൺഗ്രസ് മാർച്ചിലും പ്രതിഷേധക്കൊടുങ്കാറ്റുയർന്നു. മാർച്ചിന് നേതൃത്വം നൽകിയ ജെബി മേത്തർ എംപിയെ പോലീസ് തള്ളിവീഴ്ത്തിയതായി പ്രവർത്തകർ ആരോപിച്ചു. വീഴ്ചയിൽ അവർക്ക് പരുക്ക് പറ്റിയതായും പ്രവർത്തകർ പറയുന്നു.

യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ചിന് ഒപ്പം തന്നെ ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ച പ്രവർത്തകരും എത്തിയതോടെ കോർപറേഷൻ പരിസരം അക്ഷരാർഥത്തിൽ യുദ്ധക്കളമായി. ഇതോടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തിയും വീശി. കണ്ണീർ വാതകം പ്രയോഗിച്ചതോടെ പലർക്കും കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. സമരക്കാരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് കോർപറേഷൻ കോമ്പൗണ്ടിന് പുറത്തേക്ക് നീക്കി.

മാരക രാസവസ്തുക്കൾ അടങ്ങിയ കണ്ണീർ വാതകമാണ് പാേലീസ് പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പ്രവർത്തകരിൽ പലർക്കും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ഇത്രയും തീവ്രമായ രാസലായനി കേരള ചരിത്രത്തിൽ ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് എത്ര ശക്തമായി നേരിട്ടാലും മേയർ രാജിവെക്കുംവരെ സമര രംഗത്ത് തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതിനിടെ, കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു വ്യക്തമാക്കി. മേയർ രാജിവെക്കില്ലെന്നും പ്രതിപക്ഷ സംഘടനകൾക്ക് പ്രതിഷേധം തുടരാമെന്നും എം.വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിരുവനന്തപുരം കോർപറേഷനിലെ 295 താൽക്കാലിക നിയമനത്തിൽ പാർട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്കു മേയർ അയച്ച കത്ത് പുറത്തു വന്നതാണു വൻ വിവാദങ്ങൾക്ക് വഴിവെച്ചത്.

---- facebook comment plugin here -----

Latest