Connect with us

cover story

കണ്ണീരോളങ്ങൾ

കഴിഞ്ഞ ഇതേ ദിവസം, ഞായര്‍ വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടുണ്ട്. അറബിക്കടലിനെ ചുവപ്പിച്ച് സൂര്യന്‍ അസ്തമയത്തോടടുക്കുന്നു. ഇരുട്ട് പരക്കാന്‍ അധിക സമയമില്ല. താനൂര്‍ തൂവല്‍തീരം കെട്ടുങ്ങല്‍ അഴിമുഖത്ത് അറ്റ്‌ലാന്റിക് എന്ന വിനോദ സഞ്ചാര ബോട്ട് അതിന്റെ അവസാന സര്‍വീസിന് തയ്യാറായി. ജീവനക്കാര്‍ ആളെ വിളിച്ച് കൂട്ടുന്നു... 37 യാത്രികരുമായി അറ്റ്‌ലാന്റിക് തൂവല്‍ തീരത്ത് നിന്നും കറങ്ങിത്തിരിഞ്ഞ് പൂരപ്പുഴയിലേക്ക്...കളിച്ച് ചിരിച്ച് യാത്ര തുടങ്ങിയ ബോട്ട് മുന്നൂറ് മീറ്റര്‍ പിന്നിട്ടതേയുള്ളൂ. സമയം ഏഴ് മണിയോട് അടുക്കുന്നു. ഉടമയുടെ ആര്‍ത്തിയുടെ മുകളില്‍ യാത്രികരെ കുത്തിനിറച്ച ബോട്ട് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് വെള്ളം കയറാൻ തുടങ്ങി...പൊടുന്നനെ തലകീഴായി മറിഞ്ഞു...കളിചിരികള്‍ ഉയര്‍ന്ന ബോട്ടില്‍ ജീവന് വേണ്ടിയുള്ള നിലവിളി.. 15 കുട്ടികളടക്കം 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകട ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഇന്നേക്ക് എട്ടാം ദിനം.

Published

|

Last Updated

മൗനമാണിവിടെ, ഉല്ലാസത്തിന്റെ പെരുമ്പറ മുഴങ്ങുന്നില്ല. ആഹ്ലാദത്തിന്റെ അലയൊലികളില്ല. സന്തോഷത്തിന്റെ ഒരു തൂവല്‍ പോലും ഈ തുവല്‍ തീരത്ത് കാണാനില്ല. പൂരപ്പുഴ ഒഴുകുന്നുണ്ട്. ശാന്തമായി. 22 ജീവിതങ്ങള്‍ മുക്കിക്കളഞ്ഞതിന്റെ സങ്കടം അതിന് മുകളില്‍ ഓളം തീര്‍ക്കുന്നുണ്ട്…
“ഒറ്റക്കാക്കീയിട്ട് ങ്ങള് പോയല്ലോ മക്കളേ’ സൈതവിയുടെ കരച്ചിലിന് നേർത്ത ശബ്ദമായിരുന്നു. കരഞ്ഞ് കരഞ്ഞ് കണ്ണുനീര് വറ്റിയിട്ടുണ്ട്. സമാശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നിസ്സഹായരായ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് സിറാജിനെ തോളില്‍പിടിച്ച് കൊണ്ടുവന്ന് പ്രിയപ്പെട്ടവരുടെ മുഖം അവസാന നോക്ക് കാണിച്ചു. ചോരക്കളറ് പോലെ കലങ്ങിമറിഞ്ഞ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി സിറാജിന്റെ വലിയ താടിരോമത്തില്‍ തളം കെട്ടി നില്‍പ്പുണ്ട്. പാടെ ഒറ്റയ്ക്കായിപ്പോയ രണ്ട് പുരുഷ ജന്മങ്ങള്‍, സെയ്തലവിയും സിറാജും….കൂടെ കുട്ടികളുടെ വല്ല്യുമ്മ റുഖിയ്യയും. ഉച്ചത്തിലൊന്ന് കരയാന്‍ കെൽപ്പുള്ളവരാരും ആ വീട്ടിൽ ഇനി ബാക്കിയില്ല..ചില്ലകള്‍ മുറിച്ച മരങ്ങള്‍ പോലെ മൂന്നു പേര്‍ ഓടിട്ട് ചെത്തിത്തേക്കാത്ത ഈ വീട്ടിലുണ്ട്. ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞ് ഓരോരുത്തരായി ഇറങ്ങി….അകംചുമരില്‍ പെന്‍സിലടയാളം ബാക്കിയാക്കി അവരെല്ലാം അരയന്‍കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനില്‍ പതിനൊന്ന് പുതിയ മീസാൻ കല്ലുകള്‍ക്ക് താഴെയുണ്ട്. ഉമ്മക്കും എട്ട് മാസമായ കുഞ്ഞു നൈറക്കുമൊക്കെ ഒരേ വലിപ്പത്തിലുള്ള സ്മാരകശിലകള്‍…

അവരേഴ് പേരാണ് ഉമ്മമാരുടെ കൈയും പിടിച്ച് കുന്നുമ്മല്‍ വീട്ടില്‍ നിന്ന് നേരത്തെയിറങ്ങിയത്.. വൈകിട്ട് അഞ്ച് മണിയോടെ വല്ല്യുമ്മ റുഖിയ്യയോട് സലാം പറഞ്ഞ് ഇറങ്ങിയതാണ്. സൈതലവിയുടെ മൂത്തമകള്‍ ഹസ്‌നയാണ് ഉപ്പയോട് സമ്മതം വാങ്ങിയത്. വീടിന് രണ്ട് കിലോമീറ്റര്‍ മാത്രം അകലമുള്ള തൂവ്വല്‍ തീരം ബീച്ചിലൊന്ന് പോയിവരട്ടെയെന്ന നിര്‍ബന്ധം വാശിയായി, ഉമ്മാനെ കൂട്ടി പൊയ്‌ക്കോ എന്ന് ഉപ്പച്ചി. സമ്മതം കിട്ടി. കടപ്പുറത്തുള്ളവര്‍ക്ക് എന്ത് കടപ്പുറം എന്ന ചോദ്യമൊന്നും ഏശിയില്ല, മക്കളുടെ നിര്‍ബന്ധത്തിന് മുന്നില്‍ ആ രണ്ട് ഉമ്മമാരും തയ്യാറായി. കൂടെ അയല്‍വാസികളെയും ബന്ധുക്കളെയും കൂട്ടി. അങ്ങനെ സെതലവിയുടെ സഹോദര തുല്യന്‍ ജാബിറിന്റെ ഭാര്യയും മക്കളും കൂടെ കൂടി. സെതലവിയുടെ പെങ്ങള്‍ നുസ്‌റത്തും കുട്ടികളും അയല്‍വാസി പള്ളിച്ചന്‍ പുരക്കല്‍ ഖാലിദിന്റെ ഭാര്യ ആസിഫയും മക്കളും കൂടെ കൂടി. സന്തോഷങ്ങൾ പങ്കുവെച്ച് അവര്‍ തുവല്‍തീരം ബിച്ചിലെത്തി. വൈകിട്ട് ആറ് മണിയോടെയാണ് ഇവര്‍ വിനോദ സഞ്ചാര ബോട്ടില്‍ കയറുന്നത്. ബോട്ടിന്റെ അന്നത്തെ അവസാന സര്‍വീസ് ആയതിനാല്‍ വരാൻ താത്പര്യമുള്ള എല്ലാവരെയും ബോട്ടില്‍ കയറ്റി. മുതിര്‍ന്നവര്‍ക്ക് മാത്രം ടിക്കറ്റെടുത്താല്‍ മതിയെന്നതിനാല്‍ കുട്ടികള്‍ എല്ലാവരും ബോട്ടില്‍ കയറിപ്പറ്റുകയായിരുന്നു. ഇരുട്ടാകാറായിട്ടും മക്കളെ കാണാത്തതിനാല്‍ സൈതലവി കടപ്പുറത്തേക്ക് തിരിച്ചെങ്കിലും പകുതിയിലെത്തിയപ്പോള്‍ നടുക്കുന്ന അപകട വിവരമാണ് കേള്‍ക്കാനായത്. മക്കളുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ വീട്ട് മുറ്റത്തേക്ക് എത്തിച്ചപ്പോള്‍ സൈതലവിക്കും സിറാജിനും ദുഃഖം താങ്ങാനായില്ല. അത് കണ്ട് നിന്നവരെയും സങ്കടത്തിലാക്കി. ഈ വലിയ കുടുംബം താമസിക്കുന്ന ചെറിയ വീടിന് മുന്നിലായി പുതിയ വീടിന് ഇവര്‍ തറ കെട്ടിയിട്ടുണ്ട്. അതിന് മുകളിലാണ് മൃതദേഹം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒരുനോക്ക് കാണാനായി സൗകര്യം ഒരുക്കിയത്.

പരപ്പനങ്ങാടി പുതിയ കടപ്പുറം പരേതനായ അബൂബക്കറിന്റെയും റുഖിയ്യയുടെയും രണ്ട് ആണ്‍മക്കളുടെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേര്‍ക്കാണ് താനൂര്‍ ബോട്ടപകടത്തില്‍ ജീവൻ പൊലിഞ്ഞത്. ഇവരുടെ കുടുംബത്തിലെ അംഗമെന്ന പോലെ കഴിഞ്ഞിരുന്ന ആവിയല്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യയും മകനും അപകടത്തിൽ മരിച്ചു. അഥവാ മരണപ്പെട്ട 11 പേരും റുഖിയ്യക്ക് മക്കള്‍ തന്നെ. റുഖിയ്യയുടെ മൂത്തമകന്‍ സൈതലവിയുടെ ഭാര്യ സീനത്ത്, അവരുടെ മക്കളായ ഹസ്‌ന, ഷംന, 13 വയസ്സുകാരി ഷഫ്‌ന, എട്ടുമാസമുള്ള സഫ്‌ല ഷെറിന്‍, സിറാജിന്റെ ഭാര്യ റസീന, മക്കളായ സഹ്‌റ, ഫാത്തിമ റുഷ്ദ, നൈറ ഫാത്തിമ എന്നീ ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കുടുംബത്തിലെ ഒരംഗമെന്നപോലെ കഴിയുന്ന ജാബിറിന്റെ ഭാര്യ ജല്‍സിയ, ജരീറും അപകടത്തില്‍ മരിച്ചു. റുഖിയ്യയുടെ മകള്‍ നുസ്‌റത്ത്, ആഇശാ മെഹ്‌റിന്‍ എന്നിവരും ജാബറിന്റെ മറ്റൊരു മകള്‍ ജന്നയുമടക്കം 14 പേരാണ് കുന്നുമ്മല്‍ കുടുംബത്തില്‍ നിന്നും ബോട്ടില്‍ ഉല്ലാസ യാത്രക്കായി കയറിയത്. ഇവര്‍ മൂന്ന് പേരും പരിക്കുകളോടെ രക്ഷപ്പെട്ടു. വേനലവധിയായതിനാല്‍ കുട്ടികളുടെ നിരന്തര ആവശ്യപ്രകാരം കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുന്നുമ്മല്‍ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള തുവല്‍തീരം കടവിലേക്ക് പുറപ്പെട്ടത്. വിനോദസഞ്ചാരികള്‍ എറെ എത്താറുള്ള തൂവല്‍ തീരം വീടിനടുത്താണെങ്കിലും കുട്ടികള്‍ ഇതുവരെ അവിടെ പോയിട്ടില്ലായിരുന്നു. അവർ നിരന്തരം ആവശ്യമുന്നയിച്ചപ്പോള്‍ ഉമ്മമാർക്കൊപ്പം തുവല്‍ തീരം കടപ്പുറത്തേക്ക് പോവുകയായിരുന്നു.

അന്ത്യനിദ്രയും ഒരുമിച്ച്

“ബിസ്മില്ലാഹി അലാ മില്ലത്തി റസൂലില്ലാഹ്…’ എന്ന പ്രാര്‍ഥന ചൊല്ലി ഓരോ മയ്യിത്തും ഒരുമിച്ച് കുഴിയെടുത്ത് വെട്ടുകല്ലുകൊണ്ട് വേര്‍തിരിച്ച് കെട്ടിയ ഖബറിലേക്ക് ഇറക്കിവെച്ചപ്പോള്‍ പരപ്പനങ്ങാടി അരയന്‍കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനിനരികെ തടച്ച് കൂടിയവരും കണ്ണീര്‍ വാര്‍ത്തു. അറബിക്കടലിന്റെ ഓരത്ത് ഇല്ലായ്മയുടെ മോല്‍ക്കൂരക്കു താഴെ ഒരു പായ വിരിച്ചുറങ്ങിയ പുത്തന്‍കടപ്പുറം കുന്നുമ്മല്‍ കുടുംബത്തിലെ 11 പേര്‍ക്കും ഒരുമിച്ചാണ് അന്ത്യവിശ്രമമൊരുക്കിയത്. ഉമ്മാക്ക് മക്കളുടെ ക്ഷേമമന്വേഷിക്കാനും മക്കള്‍ക്ക് ഉമ്മായോട് കുറുമ്പ് കാട്ടാനെന്ന കണക്കെ ഓരോ ഉമ്മമാരെയും അവരുടെ മക്കളെയും അടുത്തടുത്തായി ഖബറടക്കി. പടിഞ്ഞാറു ഭാഗത്ത് നിന്നാണ് ഖബറടക്കം ആരംഭിച്ചത്. ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മുവിന്റെ ഖബറാണ് ആദ്യത്തേത്. തൊട്ടടുത്ത് മകന്‍ ജരീര്‍. സൈതലവിയുടെ ഭാര്യ സീനത്തിന്റെ മൂന്നാമത്തെ ഖബര്‍. തൊട്ടടുത്ത് മക്കളായ ശംന, ഹസ്ന, ശഫ്ന, ഷഫ്ല ഷെറിന്‍, അവസാനത്തില്‍ ചെറിയ മകള്‍ ദില്‍ന മോള്‍. ദില്‍ന മോളുടെ എളാമ്മ അഥവാ സിറാജിന്റെ ഭാര്യ റസീനയാണ് തൊട്ടടുത്ത്. മുലപ്പാല്‍ കുടി അവസാനിപ്പിക്കാത്ത എട്ടുമാസക്കാരി നൈറ ഫാത്തിമക്ക് തൊട്ടടുത്ത് തന്നെ ഖബറൊരുക്കി. മറ്റു മക്കളായ ഫാത്തിമ റുഷ്ദയും സഹറയും വിളിപ്പാടകലെ അരയന്‍ കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ ഖബറാളികള്‍ക്കിടയില്‍ ഉമ്മമാരുടെ ചാരെ കളി ചിരികള്‍ പറഞ്ഞ് കിടപ്പുണ്ട്.

അപകടങ്ങള്‍ക്ക്
അറുതി വരുത്തണം

അപകടമുണ്ടാവുമ്പോള്‍ അന്വേഷണ കമ്മിഷനുകള്‍ പൊട്ടിപ്പുറപ്പടും. അന്വേഷണം മുറപോലെ നടക്കും. എന്നിട്ട് റിപ്പോര്‍ട്ട് അട്ടത്ത് വക്കും. അതാണ് ശീലം. താനൂര്‍ അപകടത്തിനും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ വെച്ചിട്ടുണ്ട്. അതിലെ നിര്‍ദേശങ്ങളും ശിപാര്‍ശകളും പേരിനുമാത്രം നടപ്പാക്കും. 2002ല്‍ 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ട് അപകടത്തെ തുടര്‍ന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയര്‍മാനായുള്ള അന്വേഷണ കമ്മീഷന്‍ പ്രഖ്യാപിച്ചു. 2007ല്‍ 18 പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ട് അപകടത്തിന് ജസ്റ്റിസ് പരീത് പിള്ള കമ്മീഷനും 2009ല്‍ 45 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ട് അപകടത്തില്‍ ജസ്റ്റിസ് ഇ മൊയ്തീന്‍കുഞ്ഞ് കമ്മീഷനായുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ എന്ത് ഫലം ചെയ്തുവെന്നത് ചോദ്യമായുയരുന്നുണ്ട്. ആ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തിൽ കൈകാര്യം ചെയ്യാത്തതാണ് താനൂര്‍ ബോട്ട് അപകടത്തിലേക്കെത്തിച്ചതും. താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ജസ്റ്റിസ് വി കെ മോഹനന്‍ അധ്യക്ഷനായ കമ്മീഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ ഓളപ്പരപ്പിലെ അപകടങ്ങള്‍ക്ക് അറുതി വരുത്തുന്നതാകട്ടെ…

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ