National
സാങ്കേതിക തകരാർ; നൂറിലധകം യാത്രക്കാരുമായി നാല് ദിവസത്തോളമായി എയർ ഇന്ത്യ വിമാനം തായ്‍ലാൻഡിൽ കുടുങ്ങിക്കിടക്കുന്നു
നവംബർ 16 ന് രാത്രിയാണ് വിമാനം ഡൽഹിയിലേക്ക് പറന്നുയരേണ്ടിയിരുന്നത്.
ന്യൂഡൽഹി | നൂറിലധികം യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം തായ്‍ലാൻഡിലെ ഫുക്കറ്റിൽ കുടുങ്ങിക്കിടക്കുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് 80 മണിക്കൂറിലധികമായി വിമാനം ഫുക്കറ്റിൽ നിർത്തിയിട്ടിരിക്കുന്നത്. യാത്രക്കാരിൽ പ്രായമായവരും കുട്ടികളും ഉൾപ്പെടുന്നതായി യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിൽ വ്യക്തമാക്കുന്നു.
നവംബർ 16 ന് രാത്രിയാണ് വിമാനം ഡൽഹിയിലേക്ക് പറന്നുയരേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർ കാരണം ആറ് മണിക്കൂർ വൈകിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് യാത്രക്കാരെ പുറത്തിറക്കുയും വിമാന റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം സാങ്കേതിക തകരാർ പരിഹരിച്ചുവെന്ന് പറഞ്ഞ് യാത്രക്കാരെ വീണ്ടും വിമാനത്തിലേക്ക് കയറ്റി. തുടർന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം രണ്ടര മണിക്കൂർ പറന്ന ശേഷം ഫുക്കറ്റിൽ തിരിക്കെ ഇറക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ ഫുക്കറ്റ് വിമാനത്താവളത്തിൽ കുടുങ്ങി.
എയർലൈൻ പ്രതിനിധികളിൽ നിന്ന് യാത്രക്കാർക്ക് തൃപ്തികരമായ പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ യാത്രക്കാർ ആരോപിച്ചു. അതേസമയം, ഡ്യൂട്ടി സമയപരിധി കാരണം നവംബർ 16 ന് വിമാനം പറത്താനായില്ലെന്നും നവംബർ 17ന് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുകയായിരന്നുവെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർക്ക് പണം തിരികെ നൽകുമെന്നും പകുതിയോളം യാത്രക്കാരെ തിരിച്ചയച്ചിട്ടുണ്ടെന്നും ഇനി 40 പേര മാത്രമാണ് ഫുക്കറ്റിൽ ഉള്ളതെന്നും എയർലൈൻ അധികൃതർ പറഞ്ഞു. ഇവരെ ഇന്ന് വൈകീട്ട് തിരിച്ചയക്കുമെന്നും അധികൃതർ വ്യക്തമാക്കി.