Connect with us

National

ആശങ്ക ഒഴിഞ്ഞു; സാങ്കേതിക തകരാർ നേരിട്ട എയർ ഇന്ത്യ വിമാനം ട്രിച്ചിയിൽ സുരക്ഷിതമായി ഇറക്കി

ട്രിച്ചി വിമാനത്താവള പരിധിയിൽ രണ്ട് മണിക്കൂറിലധികം വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചാണ് വിമാനം തിരിച്ചിറക്കിയത്.

Published

|

Last Updated

ട്രിച്ചി | ഏറെ ആശങ്കകൾക്ക് ഒടുവിൽ, സാങ്കേതിക തകരാർ നേരിട്ട എയർ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനമാണ് രാത്രി 8.14 ഓടെ സാധാരണ നിലയിൽ തിരിച്ചിറക്കിയത്. ട്രിച്ചി വിമാനത്താവള പരിധിയിൽ 2.35 മണിക്കൂർ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചാണ് വിമാനം തിരിച്ചിറക്കിയത്. 140 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്.

എയർ ഇന്ത്യയുടെ എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനം ട്രിച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയപ്പോൾ

ട്രിച്ചിയിൽ നിന്ന് വൈകീട്ട് 5.43നാണ് വിമാനം പറന്നുയന്ന ഉടനാണ് വിമാനത്തിന് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടത്. ഹൈഡ്രോളിക് തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് എയർ ട്രാഫിക്കിന്റെ നിർദേശം അനുസരിച്ച് വിമാനം ട്രിച്ചി മേഖലയിൽ നിരവധി തവണ വട്ടമിട്ട് പറക്കുകയായിരുന്നു. പിന്നീട് തകരാറിലായ ഹൈഡ്രോളിക് സംവിധാനം പ്രവർത്തനക്ഷമാമയെന്നും വിമാനം സാധാരണ നിലയിൽ തിരിച്ചിറക്കാൻ സാധിച്ചുവെന്നുമാണ് അറിയുന്നത്.

ഹൈഡ്രോളിക് തകരാർ നേരിട്ടാൽ വിമാനം വയർഭാഗം ഇടിച്ചിറക്കുന്ന ബെല്ലി ലാൻഡിംഗ് നടത്തേണ്ടി വരുമെന്ന ഭയത്തെ തുടർന്ന് വിമാനത്താവളത്തിൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. 20ൽ അധികം ആംബുലൻസുകളും അഗ്നി രക്ഷാ സേനയും സജ്ജമായി നിന്നു.

ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചാൽ വിമാനത്തിന് പറക്കാൻ പ്രയാസം നേരിടില്ല. ലാൻഡിംഗ് സമയത്താണ് ഹൈഡ്രോളിക് സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാതിരിക്കുന്ന ഈ ഘട്ടത്തിൽ വിമാനം ചക്രങ്ങളുടെ സഹായം ഇല്ലാതെ ഇടിച്ചിറക്കേണ്ടി വരും. ഇതിനെ ബെല്ലി ലാൻഡിംഗ് എന്നാണ് പറയുന്നത്. ചില ഘട്ടങ്ങളിൽ ബെല്ലി ലാൻഡിംഗ് വിജയരകമാകുമെങ്കിലും അപകട സാധ്യതയും തള്ളിക്കളയാനാകില്ല എന്നാണ് വിദഗ്ധർ പറയുന്നത്.

Latest