National
സാങ്കേതിക പ്രശ്‌നം; പ്രോബ-മൂന്നിന്റെ വിക്ഷേപണം മാറ്റി
ഇസ്രോയും ഇ എസ് എയും ചേര്‍ന്നുള്ള സുപ്രധാന ദൗത്യമാണ് പ്രോബ-മൂന്ന്.
ശ്രീഹരിക്കോട്ട | സൂര്യന്റെ ചൂടേറിയ കൊറോണ കവചത്തെ കുറിച്ച് പഠിക്കാനുള്ള പ്രിസിഷന്‍ ഫോര്‍മേഷന്‍ ഫ്‌ളൈയിംഗ് ദൗത്യമായ പ്രോബ-മൂന്നിന്റെ വിക്ഷേപണം മാറ്റി. സാങ്കേതിക പ്രശ്‌നമാണ് കാരണമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. നാളെ വൈകിട്ട് 4.12നാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഇന്ന് വൈകിട്ട് 4.08ന് വിക്ഷേപിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഇസ്രോയും ഇ എസ് എയും ചേര്‍ന്നുള്ള സുപ്രധാന ദൗത്യമാണ് പ്രോബ-മൂന്ന്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ എസ് എ)യാണ് പ്രോബ-മൂന്ന് നിര്‍മ്മിച്ചത്. ഇരട്ട പേടകങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഇത്.
ഇന്ന് വൈകിട്ട് 4.08നായിരുന്നു ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പ്രോബ-മൂന്ന് വിക്ഷേപിക്കാനിരുന്നത്.
സൂര്യാന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യ ഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് ഇരട്ട കൃത്രിമ ഉപഗ്രഹങ്ങളുടെ (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ലക്ഷ്യം. ഈ ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാമാണ്.
നിശ്ചിത ഉയരത്തില്‍ ഒന്നിനു മുന്നില്‍ മറ്റൊന്നെന്ന തരത്തില്‍ വിന്യസിക്കപ്പെടുന്ന ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കും. സൂര്യഗ്രഹണ സമയത്ത് മാത്രമേ സൗരയൂഥത്തിലെ കൊറോണയെ കുറിച്ച് പഠിക്കാനാകൂ എന്നിരിക്കെയാണ് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുന്നത്.
ഐ എസ് ആര്‍ ഒ 2001ല്‍ വിക്ഷേപിച്ച പ്രോബ-ഒന്ന്, 2009ലെ പ്രോബ-രണ്ട് ദൗത്യങ്ങളുടെ തുടര്‍ച്ചയാണ് പ്രോബ-മൂന്ന്. 1,680 കോടി രൂപയാണ് രണ്ട് വര്‍ഷം കാലാവധി കണക്കാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.